ഫോണ്‍ കെണി; ചാനല്‍ സിഇഒക്കും റിപ്പോര്‍ട്ടര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെക്കാനിടയായ ഫോണ്‍ കെണി വിവാദക്കേസില്‍ ഒന്നും രണ്ടും പ്രതികളായ ചാനല്‍ സിഇഒക്കും റിപ്പോര്‍ട്ടര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.

വ്യവസ്ഥകളോടെയാണ് ഇരുവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇരുവര്‍ക്കും ചാനല്‍ ഓഫീസിനകത്തേക്ക് പ്രവേശിക്കാനാകില്ല.

റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ അസ്സല്‍ ലഭിക്കാത്തതിനാല്‍ ഇരു പ്രതികള്‍ക്കും കോടതി നേരത്തേ ജാമ്യം നിഷേധിച്ചിരുന്നു. അതേസമയം വാര്‍ത്താവതാരകരുള്‍പ്പെടെ മറ്റു ഏഴുപേര്‍ക്കു കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

സംഭാഷണം എഡിറ്റ് ചെയ്തു സംപ്രേഷണം ചെയ്തത് ദുരുദ്ദേശത്തോടെയാണെന്നും ലാപ്‌ടോപ്പും പെന്‍ഡ്രൈവും മോഷണം പോയെന്ന വാദം അവിശ്വസനീയമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ ഒന്‍പതു പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐടി ആക്ടിലെ വകുപ്പുകള്‍ക്കു പുറമെ ഗൂഢാലോചനാ കുറ്റവും എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ട്.

Top