സക്കീര്‍ ഹുസൈനും എസ്.ഐയും തമ്മിലുണ്ടായ ഫോണ്‍ വിളി; പൊലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി : സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും കളമശേരി എസ്.ഐയും തമ്മിലുണ്ടായ ഫോണ്‍ വിളി വിവാദത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ വിളി വിവാദത്തില്‍ എസ്.ഐ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടി സക്കീര്‍ ഹുസൈന്‍ വ്യാഴാഴ്ച ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഫോണ്‍ സംഭാഷണങ്ങളടക്കം എസ്.ഐ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കാറുണ്ടെന്ന് സക്കീര്‍ ഹുസൈന്‍ നല്‍കിയ പരാതിയില്‍ ചൂണ്ടി കാട്ടിയിരുന്നു. വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി ഈ മാസം 19ന് മുമ്പ് വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഡി.സി.പി ജി പൂങ്കഴലിക്കാണ് അന്വേഷണ ചുമതല.

ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതടക്കമുള്ള കാര്യങ്ങള്‍ ഡി.സി.പിയുടെ അന്വേഷണ പരിധിയില്‍ വരും. ഒരാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സാധ്യത.

Top