ഫോണ്‍ വിളി വിവാദം: വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എജി സുരേഷിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കൊലപാതക കേസ് പ്രതികള്‍ ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച സംഭവത്തില്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എ ജി സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു. ഫോണ്‍ വിളിക്ക് സൂപ്രണ്ട് ഒത്താശ ചെയ്തുവെന്ന അന്വേഷണ റിപ്പോര്‍ട്ടിലാണ് നടപടി.

പ്രതികളുടെ ഫോണ്‍ വിളി സംബന്ധിച്ച് ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നായിരുന്നു ജയില്‍ ഡിജിപിയുടെ ഉത്തരവ്. മറുപടിയുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും പശ്ചാത്തലത്തിലാണ് ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തത്.

നേരത്തെ ടി പി വധക്കേസ് പ്രതിയായ കൊടി സുനിയില്‍ നിന്നും ഫോണ്‍ പിടിച്ചെടുക്കുകയും പല തവണ ഗുണ്ടകളെ അടക്കം സുനി ജയിലില്‍ വിളിച്ചെന്നും കണ്ടെത്തിയിരുന്നു. കൊലപാതക കേസില്‍ തടവില്‍ കഴിയുന്ന റഷീദ് എന്ന തടവുകാരന്‍ 223 മൊബൈല്‍ നമ്പറുകളിലേക്ക് 1345 തവണ ഫോണ്‍ വിളിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തി. ഇതേ ഫോണില്‍ നിന്ന് മറ്റു തടവുകാരും വിളിച്ചിട്ടുണ്ട്. ജാമറുകള്‍ ഉള്‍പ്പെടെയുള്ള ശക്തമായ നിയന്ത്രണങ്ങള്‍ ഫലം കാണാത്ത സ്ഥിതിയാണ്. തീവ്രവാദ കേസുകളില്‍ അടക്കം പ്രതികളായവര്‍ ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ അതീവ ഗൗരവത്തോടെ ആണ് ആഭ്യന്തര വകുപ്പ് വിഷയത്തെ കാണുന്നത്.

Top