പിജി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; ശബരിമല ഡ്യൂട്ടിയില്‍ ആരോഗ്യവകുപ്പിന്റെ ‘യു ടേണ്‍’

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സംസ്ഥാനത്തെ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ നിലപാടെടുത്തതിന് പിന്നാലെ ശബരിമല ഡ്യൂട്ടിയില്‍ ആരോഗ്യവകുപ്പിന്റെ ‘യു ടേണ്‍’. തങ്ങളോട് കാട്ടുന്നത് കടുത്ത ചൂഷണമാണെന്ന് കുറ്റപ്പെടുത്തിയാണ് കേരള മെഡിക്കല്‍ പിജി അസോസിയേഷന്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നത്. ആദ്യം പിജി വിദ്യാര്‍ത്ഥിയെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ച ആരോഗ്യവകുപ്പ് പിന്നാലെ ഉത്തരവ് പിന്‍വലിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചു.

ഒഴിവുകള്‍ നികത്താതെ സ്‌പെഷ്യലിസ്റ്റുകള്‍ എന്ന പേരില്‍ തങ്ങളെ നിയമിച്ച് ചൂഷണം ചെയ്യുകയാണ് സര്‍ക്കാര്‍ എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

‘കഴിഞ്ഞ രണ്ട് വര്‍ഷവും സംസ്ഥാനം കടുത്ത പ്രതിസന്ധി ഘട്ടത്തെ നേരിട്ടപ്പോള്‍ സ്‌പെഷാലിറ്റി പരിശീലന കാലം മുഴുവന്‍ ഇതിന് വേണ്ടി സമര്‍പ്പിച്ചവരാണ് ഞങ്ങള്‍. നീറ്റ് പിജി കൗണ്‍സിലിങ് തുടങ്ങാത്തതിനാല്‍ രണ്ട് പിജി ബാച്ചുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. അതിനാല്‍ തന്നെ അധികപ്പണിയാണ് ഓരോ ദിവസവും ഞങ്ങള്‍ ചെയ്യുന്നത്. മതിയായ പിജി യോഗ്യതകളുള്ള ഡോക്ടര്‍മാരെ ശബരിമല ഡ്യൂട്ടിക്ക് നിയമിക്കാതെ പിജി വിദ്യാര്‍ത്ഥികളെ നിയമിച്ച് ഗിമ്മിക്ക് കാട്ടുകയാണ് അധികാരികള്‍,’ എന്ന് കേരള മെഡിക്കല്‍ പിജി അസോസിയേഷന്‍ ഭാരവാഹികളായ ഡോ അതുല്‍ അശോക്, ഡോ ആര്‍ നവീന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Top