അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; പി ജി മനു ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പൊലീസില്‍ കീഴടങ്ങിയ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനു ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ചോറ്റാനിക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. കഴിഞ്ഞമാസം അവസാനം പി ജി മനു പൊലീസില്‍ കീഴടങ്ങുകയായിരുന്നു . എറണാകുളം പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനിലെത്തിയായിരുന്നു കീഴടങ്ങിയത്.

ഹൈക്കോടതിയും സുപ്രീംകോടതിയും പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. സുപ്രീം കോടതി പത്ത് ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കീഴടങ്ങിയത്. നേരത്തെ ഹൈക്കോടതി പൊലീസില്‍ കീഴടങ്ങാന്‍ പറഞ്ഞെങ്കിലും പിജി മനു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നല്‍കാനെന്ന പേരില്‍ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

Top