ഓഗസ്റ്റ് 20 വരെ കേരളത്തില്‍ പി.ജി. മെഡിക്കല്‍ ഡിഗ്രി/ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് (നീറ്റ്-പി.ജി.) 2022 അടിസ്ഥാനമാക്കി കേരളത്തിലെ പി.ജി. മെഡിക്കല്‍ ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാമുകളിലെ 2022-ലെ പ്രവേശനത്തിന് പ്രവേശനപരീക്ഷാ കമ്മിഷണര്‍ അപേക്ഷ ക്ഷണിച്ചു.

സ്ഥാപനങ്ങള്‍: കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ എന്നിവയിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകള്‍, പ്രൈവറ്റ് സെല്‍ഫ് ഫിനാന്‍സിങ് മെഡിക്കല്‍ കോളേജുകളിലെ മൈനോറിറ്റി, എന്‍.ആര്‍.ഐ. സീറ്റുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സീറ്റുകള്‍ എന്നിവയാണ് ഈ അലോട്ട്‌മെന്റിന്റെ പരിധിയില്‍ വരുന്നത്.

യോഗ്യത: എം.ബി.ബി.എസ്. ബിരുദമോ പ്രൊവിഷണല്‍ എം.ബി.ബി.എസ്. പാസ് സര്‍ട്ടിഫിക്കറ്റോ വേണം. നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍/സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ പെര്‍മനന്റ്/പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍ വേണം. ഒരുവര്‍ഷ ഇന്റേണ്‍ഷിപ്പ് 2022 മേയ് 31-നകം പൂര്‍ത്തിയാക്കണം. കേരളീയനായിരിക്കണം.

കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജില്‍നിന്നും എം.ബി.ബി.എസ്. ബിരുദം നേടിയ, കേരളീയേതരരായ രക്ഷാകര്‍ത്താക്കളുടെ മക്കള്‍ക്കും അപേക്ഷിക്കാം. പക്ഷേ, അവര്‍ക്ക് സംവരണ ആനുകൂല്യം ലഭിക്കില്ല. പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍/ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ വിഭാഗക്കാരെ എന്‍.ആര്‍.ഐ. സീറ്റിലേക്കേ പരിഗണിക്കൂ.

സര്‍വീസ് വിഭാഗക്കാരൊഴികെയുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല. മെഡിക്കല്‍ എജ്യുക്കേഷന്‍ സര്‍വീസ് ക്വാട്ട അപേക്ഷകര്‍ക്ക് 47-ഉം ഹെല്‍ത്ത് സര്‍വീസസ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ക്വാട്ട അപേക്ഷകര്‍ക്ക് 45-ഉം വയസ്സായിരിക്കും 9-8-2022-ലെ ഉയര്‍ന്ന പ്രായപരിധി.

നീറ്റ് പി.ജി.: 2022-ലെ നീറ്റ് പി.ജി. യോഗ്യത നേടണം. അത് ഇപ്രകാരമാണ്: ജനറല്‍/ഇ.ഡബ്ല്യു.എസ്. -50-ാം പെര്‍സന്റൈല്‍ (800-ല്‍ 275 മാര്‍ക്ക്), എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. (ഈ വിഭാഗങ്ങളിലെ പി.ഡബ്ല്യു.ഡി. ഉള്‍പ്പെടെ)-40-ാം പെര്‍സന്റൈല്‍ (245), യു.ആര്‍. പി.ഡബ്ല്യു.ഡി. – 45-ാം പെര്‍സന്റൈല്‍ (260).

നീറ്റ് റാങ്ക്/സ്‌കോര്‍ പരിഗണിച്ച് തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനമാക്കി, കേന്ദ്രീകൃത അലോട്ട്‌മെന്റ് വഴി പ്രവേശനപരീക്ഷാ കമ്മിഷണര്‍ സീറ്റ് അലോട്ട്‌മെന്റ് നടത്തും.

അപേക്ഷ: അപേക്ഷ ഓഗസ്റ്റ് 20-ന് രാവിലെ 10-നകം www.cee.kerala.gov.in വഴി നല്‍കാം. പ്രോസ്‌പെക്ടസും ഇവിടെ ലഭിക്കും. സര്‍വീസ് അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയ ശേഷം, പ്രിന്റ് ഔട്ട്, അനുബന്ധരേഖകള്‍ സഹിതം അവരുടെ വകുപ്പുമേധാവിക്ക് ഓഗസ്റ്റ് 20-ന് വൈകീട്ട് നാലിനകം ലഭ്യമാക്കണം.

Top