വനിതാ ഡോക്ടർക്ക് മർദനമേറ്റ സംഭവം; തിരു. മെഡി. കോളജ് ആശുപത്രിയിൽ പിജി ഡോക്ടർമാർ സമരത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് നേരെയുണ്ടായ മർദനത്തിൽ പ്രതിഷേധിച്ച് പിജി ഡോക്ടർമാർ ഇന്ന് സൂചനാ പണിമുടക്ക് നടത്തും. രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെയാണ് സമരം.അത്യാഹിത വിഭാഗം, ഐസിയു, ലേബർ റൂം എന്നിവയെ സമരം ബാധിക്കില്ല. ഒപി, കിടത്തി ചികിൽസ എന്നിവയെ സമരം ബാധിക്കും. ബുധനാഴ്ച പുലർച്ചെയാണ് രോഗിയുടെ മരണവിവരം അറിയിച്ചതിനെ തുടർന്ന് ബന്ധു ഡോക്ടറെ മർദിച്ചത്.

പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ മാ‍ർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. പിജി ഡോക്ടർമാ‍ർക്കൊപ്പം മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയും ചേർന്നാണ് പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്. സമരത്തിന് ഐഎംഎ പിന്തുണ പ്രഖ്യാപിച്ചു.

Top