പിജി ഡോക്ടര്‍മാരുടെ സമരം; സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രി ചൊവ്വാഴ്ച ചര്‍ച്ച നടത്തും

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ പിജി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് ചര്‍ച്ച നടത്തുക. പിജി ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന സമരം പരിഹരിക്കാനാണ് ചര്‍ച്ച.

അതേസമയം ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കെജിഎംഒഎ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചു. എല്ലാ ആരോഗ്യ കേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണം. അത്യാഹിത വിഭാഗം ഉള്ള ഇടങ്ങളില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം.

സുരക്ഷാ ക്യാമറ അടക്കം സജ്ജീകരണം കൂട്ടണം. എല്ലാ ആക്രമണ കേസുകളും ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്ട് 2012 ന് കീഴില്‍ ഉള്‍പ്പെടുത്തണം. ഡോക്ടര്‍മാര്‍ക്ക് എതിരെ പ്രതികള്‍ നല്‍കുന്ന എതിര്‍ കേസുകളില്‍ എഫ്‌ഐആര്‍ എടുക്കും മുമ്പ് വിദഗ്ധ സമിതി പരിശോധിക്കണമെന്നുമാണ് കെജിഎംഒഎയുടെ നിര്‍ദ്ദേശം.

 

Top