സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ നാളെ മുതല്‍ നടത്താനിരുന്ന സമരം മാറ്റി വെച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തിലാണ് തീരുമാനം. ചൊവാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച. കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചത്.

കോവിഡ് സാഹചര്യത്തില്‍ കോവിഡ് ഇതര രോഗികളുടെ ചികിത്സയും, പരിചരണവും കൂടാതെ എംബിബിഎസ്, പിജി വിജി വിദ്യാര്‍ത്ഥികളുടെ അദ്ധ്യായനവും കാര്യമായ രീതിയില്‍ ബാധിക്കപ്പെട്ടിട്ടുണ്ടെന്നും. ഇക്കാര്യങ്ങള്‍ മുന്‍പ് പലതവണ ഉന്നയിച്ചിട്ടുള്ളതാണെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ ഇതുവരെ വരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പിജി ഡോക്ടര്‍മാരുടെ സംഘടന കെഎംപിജിഎ കുറ്റപ്പെടുത്തി.

അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമണം തടയാന്‍ സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശങ്ങള്‍ വെച്ച് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ കത്തയച്ചു. ഒമ്പത് നിര്‍ദേശങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആശുപത്രികള്‍ പ്രത്യേക സുരക്ഷ മേഖലയായി പരിഗണിച്ച് പൊലീസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കൂടാതെ ആശുപത്രികളില്‍ സിസിടിവി അടക്കമുള്ള സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

Top