പിജി ഡോക്ടര്‍മാരുടെ സമരം; രോഗികളെ വെല്ലുവിളിക്കരുതെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ മുന്നറിയിപ്പുകള്‍ തള്ളി സംസ്ഥാനത്ത് പിജി ഡോക്ടര്‍മാര്‍ അത്യാഹിത സേവനങ്ങള്‍ ബഹിഷ്‌കരിച്ചുള്ള സമരം തുടങ്ങി. കാഷ്വാലിറ്റിയിലടക്കം സീനിയര്‍ ഡോക്ടര്‍മാരെ വെച്ച് കുറവ് നികത്താന്‍ മെഡിക്കല്‍ കോളേജുകള്‍ ശ്രമം തുടങ്ങി. പരമാവധി ഉറപ്പുകള്‍ അംഗീകരിച്ചെന്നും, രോഗികളെ വെല്ലുവിളിക്കരുതെന്നും സമരക്കാരോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. സമരം അവസാനിപ്പിക്കാന്‍ ഉടന്‍ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജോലിഭാരം കുറയ്ക്കാന്‍ 373 നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്ന് കാട്ടിയാണ് പിജി ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ടു പോവുന്നത്. സ്‌റ്റൈപ്പന്‍ഡ് വര്‍ധനവില്‍ തീരുമാനമില്ലാത്തതും, സമരത്തെ നേരിടാന്‍ രാത്രിയില്‍ തന്നെ ഹോസ്റ്റലുകള്‍ ഒഴിയാന്‍ നല്‍കിയ നോട്ടീസും സമരക്കാരെ ചൊടിപ്പിച്ചു.

സമരം തുടങ്ങിയതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം താളം തെറ്റി. ഒപിയില്‍ നിന്ന്, ശസ്ത്രക്രിയക്കും മറ്റുമായി പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. ശസ്ത്രക്രിയകള്‍ അടിയന്തരമായവ മാത്രമാക്കി പരിമിതപ്പെടുത്തി.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സമരം കാര്യമായി ബാധിച്ചു തുടങ്ങിയിട്ടില്ല. സീനിയര്‍ ഡോക്ടര്‍മാരെ കാഷ്വാലിറ്റികളിലടക്കം ചുമതലയേല്‍പ്പിച്ചാണ് സ്ഥിതി നേരിടുന്നത്. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഇതാണ് സ്ഥിതി. രണ്ട് തവണ ചര്‍ച്ച നടത്തിയിട്ടും സമരം തുടരുന്നതിനാല്‍, ഇനി ചര്‍ച്ചയില്ലെന്നും പിന്മാറണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. നീറ്റ്പി.ജി പ്രവേശനം നീളുന്നത് കോടതി നടപടികള്‍ കാരണമാണെന്നും, സ്‌റ്റൈപ്പന്‍ഡ് വര്‍ധനവ് ധനവകുപ്പിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

Top