നാളെ മുതല്‍ അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്‌കരിക്കുമെന്ന് പി ജി ഡോക്ടര്‍മാര്‍

തിരുവനന്തപുരം: സമരം ചെയ്താല്‍ കര്‍ശന നടപടിയെന്ന സര്‍ക്കാര്‍ മുന്നറിയിപ്പ് തള്ളി നാളെ മുതല്‍ എമര്‍ജന്‍സി ഡ്യൂട്ടി ബഹിഷ്‌കരിച്ചുള്ള സമരത്തിനുറച്ച് പി ജി ഡോക്ടര്‍മാര്‍. ഇതിനിടെ കോഴിക്കോടും, തൃശൂരും സമരം ചെയ്യുന്നവരെ ഹോസ്റ്റലുകളില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സമരം തുടര്‍ന്നാല്‍ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടിയെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്.

ഏഴാം തിയതി സമരക്കാരുമായി ചര്‍ച്ച നടത്തി, സമരം പിന്‍വലിച്ചതായി സമരക്കാര്‍ പറയും മുന്‍പേ സര്‍ക്കാര്‍ തന്നെ മാധ്യമങ്ങളെ അറിയിച്ച ശേഷം സമരക്കാര്‍ക്കിടയിലുണ്ടായത് വന്‍ ആശയക്കുഴപ്പവും ഭിന്നതയുമായിരുന്നു. ഉറപ്പുകള്‍ പാലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് നാളെ മുതല്‍ എമര്‍ജന്‍സി ഡ്യൂട്ടിയും ബഹിഷ്‌കരിച്ചുള്ള സമരത്തിലേക്ക് നീങ്ങുന്നത്.

അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം ഡ്യൂട്ടികളെല്ലാം ബഹിഷ്‌കരിക്കുന്നതോടെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കും. നീറ്റ് പി ജി പ്രവേശനം നീളുന്നത് മൂലമുള്ള ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാമെന്നായിരുന്നു സര്‍ക്കാര്‍ ഉറപ്പ്.

എന്നാല്‍ ഇക്കാര്യത്തില്‍പ്പോലും ഇതുവരെ വ്യക്തതതയില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉറപ്പുകള്‍ നല്‍കുന്നതല്ലാതെ ഒന്നും നടപ്പായില്ലെന്നും, നടപടികളെടുത്താലും പിന്നോട്ടില്ലെന്നാണ് പി ജി ഡോക്ടര്‍മാര്‍ പറയുന്നത്.

സമരം ചെയ്യുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജോലി ബഹിഷ്‌കരിച്ച് സമരം ചെയ്യുന്നവരോട് ഹോസ്റ്റലുകളൊഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കോളേജുകള്‍ നോട്ടീസ് നല്‍കിത്തുടങ്ങി. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സെക്രട്ടേറിയറ്റിന് മുന്നില്‍ നില്‍പ്പ് സമരം തുടരുകയാണ്.

Top