സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍മാര്‍ ഇന്ന് സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കൊളജുകളിലെ പിജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. സ്‌റ്റെപ്പെന്‍ഡ് വര്‍ധന ഉള്‍പ്പെടെയുള്ള വിഷയത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരവുമായി മുന്നോട്ടുപോവാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ഇന്ന് 12 മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് സൂചനാ പണിമുടക്കും അതിനുശേഷം അനിശ്ചിതകാല സമരവുമാണ് സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ് ചികില്‍സ, അത്യാഹിത ചികില്‍സാ വിഭാഗങ്ങള്‍ എന്നിവയെ ഇന്നത്തെ സമരത്തില്‍നിന്ന് ഒഴിവാക്കി. കൊവിഡ് ചികില്‍സ മറ്റു ആശുപത്രികളിലേക്കുകൂടി വികേന്ദ്രീകരിച്ച് ഭാരം കുറയ്ക്കുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ വര്‍ധിപ്പിക്കുക, മെഡിക്കല്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുക, സ്‌റ്റെപ്പെന്‍ഡ് വര്‍ധന നടപ്പാക്കുക, റിസ്‌ക് അലവന്‍സ് അനുവദിക്കുക എന്നിവയാണ് പിജി ഡോക്ടര്‍മാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍.

Top