ഫൈസര്‍ അഞ്ചുമുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളില്‍ ഫലപ്രദമെന്ന് യു എസ് എഫ്.ഡി.എ

വാഷിങ്ടന്‍: ഫൈസറും ബയോഎന്‍ടെകും ചേർന്ന് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ അഞ്ചുമുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളില്‍ ഫലപ്രദമാണെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ). കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനും മരണങ്ങളും ആശുപത്രിവാസവും കുറയ്ക്കാനും വാക്‌സിന്‍ 91 ശതമാനം ഫലപ്രദമാണെന്നും കണ്ടെത്തിയതായി എഫ്.ഡി.എ വ്യക്തമാക്കി.

അഞ്ചുമുതല്‍ 11 വയസ്സുവരെയുള്ളവരില്‍ വാക്‌സിന്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ചതായും പാര്‍ശ്വഫലങ്ങളില്ലെന്നും കണ്ടെത്തിയതായി നിര്‍മാതാക്കളായ ഫൈസറും ബയോഎന്‌ടെക്കും അവകാശപ്പെട്ടിരുന്നു.പരീക്ഷണഫലം ശരിവച്ചെങ്കിലും കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനായി വാക്‌സിന്‍ എഫ്.ഡി.എ അംഗീകാരം നല്കിയിട്ടില്ല. ഉപദേശക സമിതിയുടെ യോഗം 26ന് ചേരും.

അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആറ് ആഴ്ചയില്‍ 12 ലക്ഷത്തിലധികം കുട്ടികള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്.നിലവില്‍ 12 വയസ്സിന് മുകളിലുള്ള ആര്‍ക്കും ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ അമേരിക്കയില്‍ അംഗീകാരമുണ്ട്.

 

Top