ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍

vaccinenews

മെക്സിക്കന്‍ സിറ്റി: ഫൈസര്‍-ബയോണ്‍ടെക് വാക്സിന്‍ സ്വീകരിച്ച ഡോക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ശ്വഫലങ്ങളുണ്ടായതിനെ തുടര്‍ന്നാണിത്. കോവിഡ് വാക്സിന്‍ സ്വീകരിച്ച വനിതാഡോക്ടറെയാണ് സന്നിയും ശ്വാസതടസവും ത്വക്കില്‍ തിണര്‍പ്പും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പാര്‍ശ്വഫലങ്ങളെ കുറിച്ച് പഠനം നടക്കുന്നതായി മെക്സിക്കന്‍ അധികൃതര്‍ അറിയിച്ചു.

തലച്ചോറിലും നട്ടെല്ലിലും അണുബാധയുണ്ടാകുന്ന എന്‍സെഫലോമയോലൈറ്റിസ് ആണ് ഡോക്ടര്‍ക്ക് എന്നാണ് വിദഗ്ധരുടെ പ്രാഥമികനിഗമനമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഡോക്ടര്‍ക്ക് അലര്‍ജിയുള്ളതായും വാക്സിന്‍ സ്വീകരിച്ച മറ്റാര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.

വിഷയത്തില്‍ ഫൈസറോ ബയോണ്‍ടെകോ പ്രതികരിച്ചിട്ടില്ല. ഡിസംബര്‍ 24 നാണ് മെക്സികോയില്‍ വാക്സിന്റെ ആദ്യഘട്ട വിതരണം ആരംഭിച്ചത്.

Top