പിഎഫ്ഐ റെയ്ഡ്: വിതുരയിൽ സംസ്ഥാന നേതാവ് അടക്കം മൂന്ന് പേർ എൻഐഎ കസ്റ്റഡിയിൽ

തിരുവനന്തപുരം: പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്ഡിനെ തുടർന്ന് തിരുവനന്തപുരത്ത് മൂന്ന് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. പിഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുൽഫി, ഇയാളുടെ സഹോദരൻ സുധീർ, സുധീരിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സുൽഫിയുടെ വീട്ടിൽ രാവിലെ തുടങ്ങിയ പരിശോധന അൽപ സമയം മുമ്പാണ് അവസാനിച്ചത്. ഇന്ന് സംസ്ഥാനത്ത് 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

പരിശോധനയിൽ ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സെപ്റ്റംബറിൽ ദേശീയ അന്വേഷണ ഏജൻസി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. പോപുലർ ഫ്രണ്ടിന്റെ 7 എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ, 7 മേഖലാ തലവന്മാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയെന്ന് എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. പോപ്പുലർ ഫ്രണ്ടിൻ്റെ രണ്ടാം നിര നേതാക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ റെയ്ഡ്. പലരും പിഎഫ്ഐ നിരോധനം മുതൽ തന്നെ എൻഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ദില്ലിയിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരും ഇന്ന് നടന്ന റെയ്ഡിൽ ഭാഗമായി. കേരള പൊലീസും റെയ്ഡിന് സുരക്ഷയൊരുക്കി. എവിടെയും പ്രതിഷേധവും പ്രതിരോധമോ ഉണ്ടായിരുന്നില്ല.

Top