‘പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന’; പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡിയുടെ ഗുരുതര പരാമർശം

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിഹാറിൽ വെച്ച് ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 12 ന് പട്‌നയിൽ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാംപ് പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നതായും ഇഡി ആരോപിച്ചു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ കണ്ണൂർ പെരിങ്ങത്തൂരിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷെഫീഖ് പായേത്തിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് മോദിക്കെതിരായ ആക്രമണം നടത്താനുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ ഉത്തർപ്രദേശിലെ ചില പ്രമുഖർക്കും തന്ത്രപ്രധാന സ്ഥലങ്ങൾക്കുമെതിരെ ഒരേസമയം ആക്രമണം നടത്താൻ ഭീകരവാദ സംഘങ്ങൾക്ക് രൂപം നൽകിയതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ഈ സംഘങ്ങൾക്കായി മാരകമായ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പോപ്പുലർ ഫ്രണ്ട് ശേഖരിച്ചിരുന്നതായും കണ്ടെത്തിയതായി ഇഡി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ കലാപങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും നടത്തുന്നതിനായി 120 കോടിയോളം രൂപയാണ് വിവിധ മാർഗങ്ങളിലൂടെ സംഘടന ശേഖരിച്ചിരുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്തിന് അകത്തും പുറത്തു നിന്നുമായി സംശയകരമായ ഉറവിടങ്ങളിൽ നിന്നുമാണ് സംഘടനയ്ക്ക് ഫണ്ട് എത്തിയിട്ടുള്ളത്.

കേസിൽ അറസ്റ്റിലായ ഷെഫീഖ് പായേത്ത് മുമ്പ് ഖത്തറിൽ താമസിച്ചിരുന്ന വേളയിൽ, തന്റെ എൻആർഐ അക്കൗണ്ട് വഴി വൻതോതിൽ പണം പോപ്പുലർ ഫ്രണ്ടിന് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും ഇഡി പറയുന്നു. വ്യാഴാഴ്ച പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിന് പിന്നാലെ, നാലു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. പർവേസ് അഹമ്മദ്, മുഹമ്മദ് ഇല്യാസ്, അബ്ദുൾ മുഖീത് എന്നിവരാണ് ഷഫീഖിന് പുറമേ പിടിയിലായത്.

Top