ഹിന്ദു തീവ്രവാദ സംഘടനകൾക്ക് എതിരെ പോരാടുന്നതിനായ് രജനീകാന്തിന്റെ ‘പേട്ട’

കയുടെ കനല്‍ . . . ഒറ്റനോട്ടത്തില്‍ പറഞ്ഞാല്‍ രജനീകാന്തിന്റെ പേട്ടയെ ഇങ്ങനെ വിശേഷിപ്പിക്കാം.

80 കളിലും 90കളിലും സ്‌ക്രീനില്‍ കണ്ട രജനീകാന്തിനെ പുനസൃഷ്ടിക്കാന്‍ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന് പേട്ടയിലൂടെ സാധിച്ചിട്ടുണ്ട്. രജനി ആരാധാകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന സിനിമയാണിത്. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതം പ്രേക്ഷകരില്‍ ആവേശമുണര്‍ത്തുന്നതാണ്.

വസ്ത്രാലങ്കാരം, ഛായഗ്രഹണം എന്നിവയും മികച്ചതാണ്. കുടുംബസമേതം കാണാന്‍ പറ്റാവുന്ന തരത്തില്‍ സെന്റിമെന്റ്‌സിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. നീണ്ട ഇടവേളക്ക് ശേഷം നടി സിമ്രാന്‍ ശക്തമായി തിരിച്ചുവരവ് നടത്തുന്ന സിനിമ കൂടിയാണ് പേട്ട.

സൂപ്പര്‍താരം വിജയ്‌സേതുപതി മികച്ച വേഷത്തിലാണ് എത്തുന്നതെങ്കിലും അദ്ദേഹത്തിലെ പ്രതിഭയെ ഉപയോഗപ്പെടുത്തുന്നതില്‍ പക്ഷേ സംവിധായകന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇക്കാര്യം മാറ്റി വച്ചാല്‍ ഒരു രജനി ആരാധകനെ തൃപ്തിപ്പെടുത്തുന്ന എല്ലാ വിഭവങ്ങളും പേട്ടയിലുണ്ട്. ഓരോ ഫ്രെയിമിലും രജനീകാന്തിനെ മാസായും സ്‌റ്റൈലായും കാണിക്കാനാണ് കാര്‍ത്തിക് സുബ്ബരാജ് ശ്രമിച്ചിരിക്കുന്നത്. തുടക്കം മുതല്‍ അവസാനം വരെ രജനിയെ ക്യൂട്ടായാണ് അവതരിപ്പിച്ചിരിക്കുന്നത്.

കാലാ എന്ന സിനിമയിലൂടെ അവര്‍ണ്ണരുടെ രാഷ്ട്രീയം പറഞ്ഞ രജനി പേട്ടയിലൂടെ തീവ്ര ഹിന്ദുത്വത്തിനെതിരായ ശക്തമായ സന്ദേശമാണ് നല്‍കുന്നത്.

രാഷ്ട്രീയത്തിലിറങ്ങാന്‍ പോകുന്ന രജനിയെ പ്രതിപക്ഷം ഹിന്ദുത്വവാദിയായി ചിത്രീകരിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സിനിമയിലൂടെയുള്ള ഈ മറുപടി എന്നതും ശ്രേദ്ധേയമാണ്.

തമിഴകത്തെ ഒരു ഗ്രാമത്തില്‍ നടക്കുന്ന സംഭവം ഒടുവില്‍ ഉത്തര്‍പ്രദേശില്‍ കാവിയണിഞ്ഞ് മനുഷ്യരെ കശാപ്പ് ചെയ്യുന്നതില്‍ എത്തി നില്‍ക്കുന്നത് അതി വൈകാരികമായാണ് അവതരിപ്പിച്ചിരിക്കുന്നത്. മുസ്ലീമായ സുഹൃത്തിനു വേണ്ടി ചങ്കു കൊടുക്കുന്ന പേട്ടക്ക് തിയ്യറ്ററില്‍ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.
പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ പക വംശീയമായ സംഘര്‍ഷത്തിലേക്ക് പോകുന്നതിന്റെ അപകടവും സിനിമ പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നു കാട്ടുന്നുണ്ട്.

തുടക്കം മുതല്‍ ഒടുക്കം വരെ രജനി അവതരിപ്പിക്കുന്ന പേട്ട എന്ന കഥാപാത്രം വെള്ളിത്തിരയില്‍ ത്രസിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. 2.0 എന്ന സിനിമക്ക് തൊട്ടു പിന്നാലെ വന്ന പേട്ട രജനിയെ സംബന്ധിച്ച് രാഷ്ട്രീയപരമായും ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top