‘പേട്ട’യെ പേടിച്ച് തമിഴ് രാഷ്ട്രീയ ലോകം, രജനീകാന്തിന് അനുകൂലമായ തരംഗം

രു സിനിമയുടെ തകര്‍പ്പന്‍ മുന്നേറ്റമാണ് ഇപ്പോള്‍ തമിഴകത്തെ ചൂടുള്ള ചര്‍ച്ച. വര്‍ഷങ്ങള്‍ എടുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച രജനിയുടെ 2.0 ക്ക് സാധിക്കാത്ത തരംഗം ഉണ്ടാക്കാന്‍ പേട്ട സിനിമക്ക് കഴിഞ്ഞു എന്നത് സിനിമാ ലോകത്തെ മാത്രമല്ല രാഷ്ട്രീയ കേന്ദ്രങ്ങളെയും ആകെ അമ്പരിപ്പിച്ചിരിക്കുകയാണ്.

രാഷ്ട്രീയ പ്രവേശനത്തിന് തക്കം പാര്‍ത്തിരിക്കുന്ന രജനിയെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ സമയവും പേട്ട വഴി ലഭിച്ചു കഴിഞ്ഞു. ഇരുപത് വര്‍ഷം മുന്‍പുള്ള രജനിയെ സ്‌ക്രീനില്‍ കാണിക്കാന്‍ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന് കഴിഞ്ഞതായാണ് സിനിമാ നിരൂപകരും സാക്ഷ്യപ്പെടുത്തുന്നത്.

തൂത്തുക്കുടി വെടി വെയ്പില്‍ നിരവധി പേര്‍ മരണപ്പെട്ട സംഭവത്തില്‍ പൊലീസ് നടപടിയെ ന്യായീകരിച്ചതും വീട്ടു ജോലിക്കാരിയെ നിര്‍ത്തി സിനിമ കാണിച്ചതായ ആരോപണവും രജനിയുടെ ജനപ്രീതിക്ക് ഒരു കോട്ടവും തട്ടിച്ചിട്ടില്ലെന്ന് പേട്ട തെളിയിച്ചു.

ആര്‍.എസ്.എസ് നിര്‍ദ്ദേശപ്രകാരമാണ് രജനി രാഷ്ട്രിയത്തില്‍ ഇറങ്ങാന്‍ പോകുന്നതെന്ന പ്രചരണങ്ങള്‍ക്കും ആത്മീയ രാഷ്ട്രീയമെന്ന രജനിയുടെ പ്രഖ്യാപനം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കും പേട്ടയിലൂടെ ചുട്ടമറുപടിയാണ് രജനി കൊടുത്തത്.

മുസ്ലീമായ സുഹൃത്തിനു വേണ്ടി ഉയിരു പോലും കൊടുക്കാന്‍ തയ്യാറുള്ള കഥാപാത്രമായാണ് രജനി പേട്ടയില്‍ അഭിനയിച്ചത്. എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം ബാഷയിലും ഇതിനു സമാനമായ കഥാപാത്രത്തെയാണ് രജനി അവതരിപ്പിച്ചിരുന്നത്. ഈ സിനിമ തീവ്രഹിന്ദുത്വത്തിനെതിരായ സന്ദേശവും നല്‍കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്ക അകറ്റാനും അവരുടെ പിന്തുണ ആര്‍ജ്ജിക്കാനും പേട്ട വഴി ഒരുക്കുമെന്ന പ്രതീക്ഷയിലാണ് രജനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍.

പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ പൊളിച്ചടുക്കി ഒറ്റ വരവ് കൊണ്ട് തന്നെ അധികാരം പിടിച്ച ചരിത്രം തമിഴ്, തെലുങ്ക് സൂപ്പര്‍ താരങ്ങള്‍ക്കുണ്ട്.

തമിഴക ഭരണം പിടിച്ച എം.ജി.രാമചന്ദ്രനും ആന്ധ്രയുടെ ഭരണം പിടിച്ച എന്‍.ടി.രാമറാവുവും ഇതിന് ഉദാഹരണങ്ങളാണ്. പിന്നീട് സിനിമയിലെ പോലെ തന്നെ രാഷ്ട്രീയത്തിലും ജയലളിത എം.ജി.ആറിന്റെ നായിക ആയതോടെ അവരും മുഖ്യമന്ത്രിയായി.

ജയലളിതയുടെയും കരുണാനിധിയുടെയും മരണത്തോടെ ശൂന്യമായ തമിഴക രാഷ്ട്രീയത്തില്‍ വലിയ സാധ്യതയാണ് രജനിക്കു മുന്നിലുള്ളത്. ഇദ്ദേഹത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ഉലക നായകന്‍ കമല്‍ ഹാസനും രംഗത്തുണ്ട്.

രജനി ഇതുവരെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കമല്‍ മക്കള്‍ നീതി മയ്യം എന്ന പേരില്‍ പാര്‍ട്ടി പ്രഖ്യാപിച്ച് പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തിന് സഹായകരമാവാന്‍ ഇന്ത്യന്‍ 2 എന്ന സിനിമയുടെ പ്രവര്‍ത്തനത്തിലാണിപ്പോള്‍ കമല്‍.

കമലും രജനിയും രാഷ്ട്രീയത്തിലും ഏറ്റുമുട്ടുമ്പോള്‍ തങ്ങള്‍ ഔട്ടായി പോകുമോ എന്ന ആശങ്കയിലാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. അണ്ണാ ഡി.എം.കെയില്‍ നിന്നും ഭരണം തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപിച്ച ഡി.എം.കെയെ ആണ് രജനിയുടെ സാന്നിധ്യം ഏറെ ഭയപ്പെടുത്തുന്നത്.

പേട്ടയിലെ രജനിയുടെ പ്രകടനവും അതിന് പൊതുസമൂഹത്തില്‍ കിട്ടുന്ന പിന്തുണയും ഇതിനകം തന്നെ ഡി.എം.കെ നേതാക്കളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. രാഷ്ട്രീയവും സിനിമയും ഇടകലര്‍ന്ന തമിഴ് നാട് രാഷ്ട്രീയത്തിലും സൂപ്പര്‍സ്റ്റാര്‍ വന്‍ വിജയം കൊയ്യുമോയെന്ന ആശങ്കയിലാണ് അവര്‍.

kamal-hassan

അതേസമയം സന്ദര്‍ഭം അനുകൂലമായ സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവും പ്രവര്‍ത്തനങ്ങളും പെട്ടെന്ന് തന്നെ തുടങ്ങണമെന്ന നിലപാടിലാണ് രജനി ആരാധകര്‍.

39 ലോകസഭാ അംഗങ്ങളാണ് തമിഴകത്ത് നിന്നും ലോകസഭയിലുള്ളത്. നിയമസഭയിലാകട്ടെ 235 പേരുമുണ്ട്. കോടതി അയോഗ്യരാക്കിയ 18 എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലം തമിഴ്‌നാട് സര്‍ക്കാറിന്റെ നിലനില്‍പ്പിനും നിര്‍ണ്ണായകമാകും.

Top