ഇറാഖിലെ യുഎസ് ആക്രമണം; എണ്ണവിലയില്‍ വര്‍ധനവ്; ഇനിയും വില വര്‍ധിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില നാലുശതമാനത്തോളം കുതിച്ചുയര്‍ന്നു. ഇറാഖില്‍ യുഎസ് നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് വിപണിയില്‍ എണ്ണവില ഉയരാന്‍ കാരണമായത്. ബ്രന്റ് ക്രൂഡ് വില മൂന്നു ഡോളര്‍ ഉയര്‍ന്ന് 69.16 ഡോളറായാണ് വര്‍ധിച്ചത്.

2019 സെപ്റ്റംബര്‍ 17നുശേഷം ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില ഇത്രയും കൂടിയത്. വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യതയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പൊതുമേഖല എണ്ണക്കമ്പനികള്‍ പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 15 പൈസയും കൂട്ടി.

പുതുക്കിയ വില പ്രകാരം ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.35 രൂപയായി. ഡീസലിനാകട്ടെ 68.25 രൂപയുമാണ്. കൊച്ചിയില്‍ 77.31 രൂപയാണ് പെട്രോളിന്. ഡീസലിനാകട്ടെ 72.01 രൂപയുമാണ്.

ഡിസംബറിനുശേഷം പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ വ്യത്യാസത്തില്‍ കുറവുണ്ടായി. പെട്രോളിന് ചെറിയതോതില്‍ വിലകൂടിയപ്പോള്‍ ഡീസലിന് രണ്ടുരുപയിലധികമാണ് വര്‍ധിച്ചത്.

Top