ഇന്ധന ക്ഷാമം; പെട്രോള്‍ സ്‌റ്റേഷനുകള്‍ അടപ്പിക്കുന്ന തീരുമാനത്തിന് വിരാമമിട്ട് സൗദി അറേബ്യ

soudi

റിയാദ്: മാനദണ്ഡങ്ങള്‍ പാലിക്കാത്ത പെട്രോള്‍ സ്റ്റേഷനുകള്‍ അടപ്പിക്കുന്ന തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് സൗദി അറേബ്യ. നഗരസഭകള്‍ പെട്രോള്‍ സ്റ്റേഷനുകള്‍ അടപ്പിച്ചതോടെ പല ഇടങ്ങളിലും ഇന്ധനക്ഷാമം അനുഭവപ്പെട്ട സാഹചര്യത്തിലാണ് മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ്.

നിശ്ചിത സമയത്തിനകം അടിസ്ഥാന സൗകര്യങ്ങളും സേവന നിലവാരവും ഉയര്‍ത്തണമെന്ന് പെട്രോള്‍ സ്റ്റേഷന്‍ ഉടമകളോട് അധികാരികള്‍ അറിയിച്ചു. ഇതിനായി ഭേദഗതി വരുത്തിയ നിയമാവലിയും പ്രസിദ്ധീകരിച്ചു. എന്നാല്‍ ഗ്രാമ പ്രദേശങ്ങളിലും ഹൈവേകളിലും പ്രവര്‍ത്തിക്കുന്ന പെട്രോള്‍ സ്റ്റേഷനുകളിലേറെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല.

ഈ സാഹചര്യത്തില്‍ നഗര സഭ നിയമ നടപടി ആരംഭിക്കുകയും പെട്രോള്‍ സ്റ്റേഷന്‍ അടപ്പിക്കുകയും ചെയ്തു. ഇതോടെ പല സ്ഥലങ്ങളിലും ഇന്ധന ലഭ്യത കുറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പെട്രോള്‍ സ്റ്റേഷനുകള്‍ അടപ്പിക്കരുതെന്ന് മുനിസിപ്പല്‍ ഗ്രാമകാര്യ വകുപ്പ് മന്ത്രി ഡോ. മാജിദ് അല്‍ ഖസി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചതോടെ മലയാളികളടക്കം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു.

Top