ഒരു രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കി വിദ്യാര്‍ത്ഥി സംഘടന

fuel-pump

പുണെ: ഇന്ധന വിലവര്‍ധനവിനെതിരെ വേറിട്ട പ്രതിഷേധം. മഹാരാഷ്ട്രയിലെ സോലാപുരിലാണ് അംബേദ്കര്‍ സ്റ്റുഡന്റ്സ് ആന്‍ഡ് യൂത്ത് പാന്തേഴ്സ് എന്ന സംഘടന പ്രതിഷേധത്തിന്റെ ഭാഗമായി ഒരു രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കിയത്. 500 പേര്‍ക്കാണ് ഒരു രൂപയ്ക്ക് പെട്രോള്‍ നല്‍കിയത്. എന്നാല്‍ വാര്‍ത്ത പരന്നതോടെ നിരവധിപേര്‍ പെട്രോള്‍ പമ്പിലേക്ക് ഇരച്ചെത്തി. അംബേദ്കര്‍ ജയന്തി ആഘോഷത്തിന്റെ കൂടി ഭാഗമായിരുന്നു പെട്രോള്‍ വിതരണം. ഒപ്പം ഇന്ധനവില വര്‍ധനവിനെതിരെ കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധം അറിയിക്കുക കൂടിയാണ് ലക്ഷ്യമെന്നും സംഘാടകര്‍ അറിയിച്ചു. ഒരാള്‍ക്ക് ഒരു ലീറ്റര്‍ മാത്രമേ നല്‍കൂ എന്നും സംഘടന അറിയിച്ചിരുന്നു. എന്നാല്‍ ജനം പെട്രോള്‍ വാങ്ങാനായി ഇരച്ചെത്തി. തുടര്‍ന്ന് വന്‍തിരക്കാണ് പെട്രോള്‍ പമ്പില്‍ ഉണ്ടായത്. പൊലീസ് എത്തിയാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചത്.

”നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ പെട്രോള്‍ വില ലിറ്ററിന് 120 രൂപയിലെത്തി. വിലക്കയറ്റമുണ്ടായി. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും ഡോ. ബാബാസാഹെബ് അംബേദ്കറുടെ ജന്മദിനം ആഘോഷിക്കാനുമാണ് ഞങ്ങള്‍ ഒരു രൂപയ്ക്ക് പെട്രോള്‍ നല്‍കാന്‍ തീരുമാനിച്ചത്”- സംഘടനാ നേതാവ് മഹേഷ് സര്‍വഗോഡ പറഞ്ഞു. ഞങ്ങളുടേത് പോലെയുള്ള ഒരു ചെറിയ സംഘടനയ്ക്ക് 500 പേര്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുമെങ്കില്‍ സര്‍ക്കാറിനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു രൂപക്ക് പെട്രോള്‍ ലഭിച്ചത് വലിയ ആശ്വാസമായെന്ന് പെട്രോള്‍ വാങ്ങിയ ഒരാള്‍ പറഞ്ഞു.

Top