രാജ്യത്ത് ഇന്ധന വില കുതിക്കുന്നു; വില ഏറ്റവും കുറവും കൂടുതലും എവിടെയൊക്കെ?

ഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. രാജ്യത്ത് പലയിടത്തും പെട്രോള്‍ വില ലിറ്ററിന് 90 രൂപ കവിഞ്ഞു. എന്നാല്‍ നികുതി വ്യവസ്ഥകളിലെ വ്യതിയാനം കാരണം ഓരോ നഗരങ്ങളിലെയും പെട്രോള്‍ വിലയില്‍ വ്യത്യാസം കാണാം. ചില നഗരങ്ങളില്‍ ലിറ്ററിന് 80 രൂപയില്‍ താഴെയാണ് വില. നവംബര്‍ 30 ലെ പെട്രോള്‍ നിരക്ക് പ്രകാരം, ഭോപ്പാലില്‍ ലിറ്ററിന് 90.05 രൂപയും ഡീസലിന് ലിറ്ററിന് 80.10 രൂപയുമാണ് വില. ഇന്‍ഡോറില്‍ പെട്രോള്‍ വില ലിറ്ററിന് 90.16 രൂപയും ഔറംഗബാദില്‍ ലിറ്ററിന് 90.25 രൂപയുമാണ്.

ചണ്ഡിഗഡിലാണ് നിലവില്‍ ഏറ്റവും കുറഞ്ഞ പെട്രോള്‍ വില. ലിറ്ററിന് 79.28 രൂപയാണ് ചണ്ഡിഗഡിലെ പെട്രോള്‍ നിരക്ക്. വഡോദരയില്‍ (ഗുജറാത്ത്) ലിറ്ററിന് 79.42 രൂപയും സൂറത്തില്‍ (ഗുജറാത്ത്) ലിറ്ററിന് 79.76 രൂപയും അഹമ്മദാബാദില്‍ (ഗുജറാത്ത്) ലിറ്ററിന് 79.77 രൂപയുമാണ് വില.

കേരളത്തില്‍ പെട്രോളിന് ഒരു രൂപ 41 പൈസയും ഡീസലിന് രണ്ട് രൂപ 18 പൈസയുമാണ് കഴിഞ്ഞ 10 ദിവസത്തിനിടെ വര്‍ധിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 84.34 രൂപയും ഡീസലിന് 78.12 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.34 രൂപയും ഡീസലിന് 78.12 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.51 രൂപയും ഡീസലിന് 76.39 രൂപയും. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 82.86 രൂപയും ഡീസലിന് 76.75 രൂപയും എന്നിങ്ങനെയാണ് വില.

മധ്യപ്രദേശില്‍ മൂല്യവര്‍ധിത നികുതി നിരക്ക് (വാറ്റ്) മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് 39 ശതമാനമായി ഉയര്‍ന്നത് പെട്രോളിന്റെ വില ഉയരാന്‍ കാരണമായതായി മധ്യപ്രദേശ് പെട്രോള്‍ പമ്പ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അജയ് സിംഗ് പറഞ്ഞു.

Top