ജന്‍മദിനത്തില്‍ ഇങ്ങനെയും; പെട്രോള്‍ വില കുറച്ച് രാജ് താക്കറെയുടെ ആഘോഷം

ന്യൂഡല്‍ഹി: വാഹന ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത നല്‍കി മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയുടെ ജന്‍മദിന ആഘോഷം.

ജന്‍മ ദിനത്തോട് അനുബന്ധിച്ച് പെട്രോള്‍ വിലയില്‍ ലിറ്ററിന് നാല് രൂപ മുതല്‍ ഒന്‍പത് രൂപ വരെ ഇളവു നല്‍കിയാണ് രാജ് താക്കറെ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത സമ്മാനിച്ചത്. രാജ് താക്കറെയുടെ 50ാം ജന്മ ദിനമായിരുന്നു ഇന്ന്.

മഹാരാഷ്ട്രയിലെ തെരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍ അടിക്കുന്ന ഇരു ചക്രവാഹനങ്ങള്‍ക്കാണ് വിലക്കുറവ് ലഭിക്കുന്നത്. അവസരം മുതലാക്കുവാന്‍ പെട്രോള്‍ പമ്പുകളിലെല്ലാം രാവില മുതല്‍ ഇരു ചക്രവാഹനങ്ങളുടെ നീണ്ട നിരയാണ്.

രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് വിലക്കുറവ് ലഭ്യമാവുക. പാര്‍ട്ടി പ്രവര്‍ത്തകരാണ് പെട്രോള്‍ വില കുറച്ച് നല്‍കുന്ന പമ്പുകളുടെ മേല്‍നോട്ടം വഹിക്കുക. വിലക്കുറവില്‍ നല്‍കുന്ന പെട്രോളിന്റെ അളവ് വിവരങ്ങള്‍ എഴുതി സൂക്ഷിച്ച ശേഷം വൈകുന്നേരം ഇളവ് നല്‍കിയ തുക പമ്പുകള്‍ക്ക് തിരിച്ചു നല്‍കും.

മഹാരാഷ്ട്രയില്‍ ഇന്നത്തെ പെട്രോള്‍ വില 84.26 രുപയാണ്. അടുത്ത കാലത്തുണ്ടായ പെട്രോള്‍ വില വര്‍ധനവില്‍ ബുദ്ധിമുട്ടിയിരുന്നവര്‍ക്ക് ഈ ഇളവ് വലിയ ആശ്വാസമാണ് നല്‍കുന്നതെന്ന് വാഹന ഉപയോക്താക്കള്‍ പറയുന്നു.

Top