കൊറോണ പ്രതിസന്ധിയെ നേരിടുമ്പോഴും ആശ്വാസമായി ഇന്ധനവില കുറഞ്ഞത്

കൊച്ചി: രാജ്യം കൊറോണ പ്രതിസന്ധിയെ നേരിടുമ്പോഴും ഇന്ധനവില കുറഞ്ഞത് വാഹന ഉപയോക്താക്കള്‍ക്ക് ആശ്വാസം. പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് 26പൈസയുമാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില താഴ്ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില 72.43 രൂപയും ഡീസല്‍ വില 66.65 രൂപയുമാണ്. ഈ വര്‍ഷം ഇതുവരെ പെട്രോളിന് 4.8 രൂപ കുറഞ്ഞിട്ടുണ്ട്.

ഡീസലിന് 3.23 രൂപയും ഈ വര്‍ഷം കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 36. 33 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. എണ്ണ വ്യാപാരരംഗത്ത് റഷ്യയുമായുള്ള ഭിന്നത മൂലം വില കുറയ്ക്കാന്‍ സൗദി തീരുമാനിച്ചതോടെ ആണ് ആഗോളവിപണിയില്‍ എണ്ണവില കൂപ്പുകുത്തിയത്. 1991ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് എണ്ണവിലയില്‍ ഇന്നലെ ഉണ്ടായത്. ഒറ്റ ദിവസം കൊണ്ട് അസംസ്‌കൃത എണ്ണവിലയില്‍ 31 ശതമാനം ഇടിവ് നേരിട്ടത് റഷ്യയോട് മത്സരിച്ച് സൗദി അറേബ്യ എണ്ണ വിലയില്‍ വരുത്തിയ മാറ്റം കാരണമാണ്.

Top