പെട്രോളിന് ഇരുനൂറ് രൂപ ആയിക്കോട്ടെ അപ്പോള്‍ ബൈക്കില്‍ മൂന്നുപേരെ അനുവദിക്കാം; വിവാദ പ്രസ്താവനയുമായി അസം ബി ജെ പി അദ്ധ്യക്ഷന്‍

ഗോഹട്ടി:പെട്രോള്‍ വില ഇരുനൂറില്‍ എത്തുമ്പോള്‍ ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേരെ അനുവദിക്കാം. അസാമിലെ ബി ജെ പി അദ്ധ്യക്ഷന്‍ ബബീഷ് കലിതയുടെ വകയാണ് ഈ സൗജന്യം. തമുല്‍പുരില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.

പെട്രോള്‍ വില ഇരുനൂറില്‍ എത്തുമ്പോള്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കാന്‍ മൂന്ന് പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കും. അതിനായി നിര്‍മാതാക്കള്‍ മൂന്ന് സീറ്റുള്ള വാഹനം നിര്‍മ്മിക്കണമെന്നും കലിത പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. കലിതയുടെ വിവാദ പ്രസംഗം പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ്. ഇതാണോ മോദിയുടെ അച്ഛാ ദിന്‍ എന്ന് ചോദിച്ച കോണ്‍ഗ്രസ് ഇന്ധനവിലക്കയറ്റം പിടിച്ചുനിറുത്താന്‍ ബി ജെ പി ഒന്നും ചെയ്യുന്നില്ലെന്നും ആക്ഷേപിച്ചു.

അസം മന്ത്രിസഭയില്‍ അംഗമായിരുന്ന കലിത കഴിഞ്ഞ ജൂണിലാണ് സംസ്ഥാന അദ്ധ്യക്ഷനാവുന്നത്. പെട്രോള്‍ വില കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തില്‍ ആഢംബര കാര്‍ ഉപേക്ഷിച്ച് ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.എത്തുമ്പോള്‍

അതിനിടെ രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം പെട്രോള്‍, ഡീസല്‍ വിലകള്‍ ഇന്ന് വീണ്ടും കൂടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. സെപ്തംബര്‍ 24ന് ശേഷം ഡീസലിന് 6 രൂപ 64 പൈസയും,പെട്രോളിന് 5 രൂപയുമാണ് വര്‍ദ്ധിച്ചത്.

 

Top