നാളെ മുതൽ‌ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കൂടും, മദ്യത്തിന് 40 രൂപ വരെ വർധന

തിരുവനന്തപുരം : ഇന്ധന സെസായി രണ്ട് രൂപ നൽകേണ്ടി വരുന്നതോടെ സംസ്ഥാനത്ത് നാളെ മുതൽ പെട്രോളിനും ഡീസലിനും വിലകൂടും. 500 രൂപ മുതൽ 999 രൂപ വരെ വില വരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് കുപ്പിയൊന്നിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 40 രൂപയും കൂടും.

അഞ്ചുലക്ഷം മുതൽ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് രണ്ട് ശതമാനം അധിക നികുതി നൽകണം. രണ്ടുലക്ഷം വരെ വിലയുള്ള ഇരുചക്ര വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി രണ്ടു ശതമാനമായി ഉയർത്തി. ഫാൻസി നമ്പറുകൾക്ക് പെർമിറ്റ്, അപ്പീൽ ഫീസ് എന്നിവയും നിരക്ക് കൂട്ടി. അഞ്ചുലക്ഷം വരെ വിലയുള്ള കാറുകൾക്ക് ഒരുശതമാനമാണ് നികുതി വർധന. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ സെസാണ് നിലവിൽ വരുന്നത്.

ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർധന നിലവിൽ വരും. 13 വർഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ന്യായവില കൂടിയത്. എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസും ചേർന്നാൽ പ്രമാണ ചെലവിലും ആനുപാതിക വർധന ഉണ്ടാകും. അതായത് ഒരു ലക്ഷം ന്യായവിലുള്ള ഭൂമി പ്രമാണം ചെയ്യണമെങ്കിൽ 12,000 രൂപയെങ്കിലും വേണ്ടിവരും. കൂടിയ നിരക്ക് നിലവിൽ വരുന്നതിന് മുൻപ് പരമാവധി പേർ രജിസ്ട്രേഷൻ നടത്താനെത്തിയതോടെ കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് ഈമാസം മാത്രം 200 കോടിയോളം രൂപയുടെ അധിക വരുമാനമാണ് സർക്കാർ ഖജനാവിലേക്ക് എത്തിയത്.

ഭൂനികുതിയും അഞ്ച് ശതമാനം കൂടും. കെട്ടിട നികുതി നിരക്കിലും വിവിധ അപേക്ഷകളുടെ ഫീസ് നിരക്ക് വർധനയും ബജറ്റിൽ നിർദേശിച്ചിട്ടുണ്ടെങ്കിലും ഇതിന് മാർ​ഗരേഖ ഉണ്ടാക്കേണ്ടത് തദ്ദേശ വകുപ്പാണ്. വിശദമായ ഉത്തരവ് ഈ ആഴ്ച തന്നെ പുറത്തിറങ്ങുമെന്നാണ് സൂചന.

Top