പെട്രോള്‍, ഡീസല്‍ റീടെയ്ല്‍ ഔട്ട് ലെറ്റുകളുടെ എണ്ണം 52,000 ആയി ഉയര്‍ത്തുമെന്ന് ഐ ഒസി

petrol

ന്യൂഡല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ റീടെയ്ല്‍ ഔട്ട് ലെറ്റുകളുടെ എണ്ണം 52,000 ആയി ഉയര്‍ത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ( ഐ ഒ സി). നിലവില്‍ രാജ്യമെമ്പാടുമായി 27,185 ഔട്ട് ലെറ്റുകള്‍ ആണ് ഐ ഒ സിക്കുള്ളത്. കമ്പനിയുടെ ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) ഗുര്‍മീത് സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഐ ഒസിക്ക് ഇപ്പോള്‍ 44 ശതമാനം മാര്‍ക്കറ്റ് വിഹിതമാണ് ഉള്ളത്. അത് നിലനിര്‍ത്തുന്നതിനാണ് കൂടുതല്‍ റീടെയ്ല്‍ വില്‍പന കേന്ദ്രങ്ങള്‍ തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വര്‍ധിച്ചു വരുന്ന ഊര്‍ജ്ജ ആവശ്യകത നേരിടുന്നതിന് 2030 ഓടെ തങ്ങളുടെ റിഫൈനിംഗ് ശേഷി 140 മില്യണ്‍ മെട്രിക് ടണ്ണായി ഉയര്‍ത്താന്‍ ഐ ഒ സിക്ക് പദ്ധതിയുണ്ട്. ഇറാനില്‍ നിന്നുള്ള ഇറക്കുമതി തുടരുമെന്നും ഐഒസി വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത ഏറ്റവും ലാഭകരമായ പൊതുമേഖല കമ്പനിയെന്ന സ്ഥാനം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സ്വന്തമാക്കിയിരുന്നു. ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പ്പറേഷനെ (ഒഎന്‍ജിസി) പിന്നിലാക്കിയാണ് ഐഒസി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 2018 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 21,346 കോടി രൂപയെന്ന റിക്കോര്‍ഡ് അറ്റ ലാഭമാണ് ഐഒസി നേടിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ 19,106 കോടി രൂപയില്‍ നിന്ന് 12 ശതമാനം ഉയര്‍ച്ചയാണ് അറ്റാദായത്തില്‍ കമ്പനി രേഖപ്പെടുത്തിയത്.

201718 ല്‍ 6,357 കോടി രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമാണ് മറ്റൊരു പൊതുമേഖല എണ്ണക്കമ്പനിയായ എച്ച്പിസിഎല്‍ നേടിയത്. ഐ ഒ സിയുടെ മൊത്തം വിറ്റുവരവ് 2.43 ലക്ഷം കോടിയാണ്.

Top