പെട്രോള്‍-ഡീസല്‍ വില കൂട്ടി; വര്‍ധന 137 ദിവസത്തിന് ശേഷം

ഡല്‍ഹി : രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസല്‍ ലീറ്ററിന് 85 പൈസയും കൂട്ടി. 137 ദിവസത്തിന് ശേഷമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. വില വര്‍ധന ഇന്ന് പ്രാബല്യത്തില്‍ വരുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് മരവിപ്പിച്ചിരുന്ന ഇന്ധന വിലയാണ് കൂട്ടിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധന വില വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഫലം വന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്.

2021 നവംബറില്‍ ദീപാവലിയോട് അനുബന്ധിച്ചായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്. നിലവില്‍, കൊച്ചിയില്‍ പെട്രോള്‍ വില 104.31 ആയിരുന്നത് 87 പൈസ വര്‍ധിച്ച് 105.18ലെത്തി. ഡീസലിന് 91.55 രൂപയായിരുന്നത് 85 പൈസ വര്‍ധിച്ച് 92.40 രൂപയായി.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയും കുതിച്ചുയരുകയാണ്. ഒറ്റദിവസം കൊണ്ട് ഏഴു ശതമാനമാണ് വര്‍ധിച്ചത്.

 

Top