തുടർച്ചയായ പത്തൊമ്പതാം ദിവസവും ഇന്ധനവിലയിൽ വർധന

കൊച്ചി: രാജ്യത്ത് തുടർച്ചയായ പത്തൊമ്പതാം ദിവസവും ഇന്ധനവിലയിൽ വർധന. ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് വർധിച്ചത്.

കഴിഞ്ഞ 19 ദിവസം കൊണ്ട് ഒരു ലീറ്റർ ഡീസലിന് 10.04 രൂപയും പെട്രോളിന് 8.68 രൂപയുമാണ് കൂടിയത്.

കൊച്ചിയിലെ ഡീസൽ വില 75 രൂപ 84 പൈസ, പെട്രോൾ വില 80.08രൂപ.

അതേസമയം, ചരിത്രത്തിലാദ്യമായി ഡൽഹിയിൽ പെട്രോളിനെക്കാൾ കൂടുതൽ ഡീസൽ വിലയിൽ വർധനവുണ്ടായി. തുടർച്ചയായ 17 ദിവസം പെട്രോളിനും ഡീസലിനും വില ഉയർന്ന ശേഷം ബുധനാഴ്ച ഡീസലിനു മാത്രമാണ് വില വർധിച്ചത്. ഇതോടെ ഡീസൽ വില ലീറ്ററിന് 79.88 രൂപയും പെട്രോളിന് 79.76 രൂപയുമായി.

പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി 30% ആയി ഉയർത്തിയതാണ് ഡൽഹിയിൽ ഡീസൽവിലയിൽ കാര്യമായ മാറ്റമുണ്ടാക്കിയത്. നേരത്തേ പെട്രോളിന് 27%, ഡീസലിന് 16.75% എന്നിങ്ങനെയായിരുന്നു മൂല്യവർധിത നികുതി.

മറ്റു വൻ നഗരങ്ങളിലെ വില പെട്രോൾ, ഡീസൽ ക്രമത്തിൽ. കൊൽക്കത്ത: 81.45, 75.06, മുംബൈ: 86.54, 78.22, ചെന്നൈ: 83.04, 77.12

തുടർച്ചയായി 82 ദിവസം എണ്ണവിലയിൽ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂൺ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത്. അന്നു മുതൽ ദിവസവും വില വർധിച്ചുകൊണ്ടിരിക്കുകയാണ്.

Top