സംസ്ഥാനത്ത് തുടച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് തുടച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 29 പൈസയാണ് ഇന്നു കൂടിയത്. ഡീസല്‍ വില ഇരുപതു പൈസയും വര്‍ധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയുമായിരുന്നു.

സൗദിയിലെ എണ്ണ പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ധന വില കുത്തനെ ഉയരും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആഭ്യന്തര വിപണിയിലെ നേരിയ തോതിലുള്ള വില വര്‍ധന. മൂന്നു ദിവസം കൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ എഴുപതു പൈസയുടെ വര്‍ധനയാണുണ്ടായത്. ഡീസല്‍ വില ഈ ദിവസങ്ങളില്‍ അറുപതു പൈസയും കൂടി.

സൗദിയിലെ അരാംകോ എണ്ണക്കിണറില്‍ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് എണ്ണ ഉത്പാദനത്തില്‍ വന്‍ കുറവു വരുത്തിയിരുന്നു. ഇതിനു പിന്നാലെ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയര്‍ന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു.

Top