രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വിമാന ഇന്ധന വിലയേക്കാള്‍ ബഹുദൂരം മുന്നില്‍

FUEL PRICE

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വിമാന ഇന്ധന വിലയേക്കാള്‍ ബഹുദൂരം മുന്നില്‍. വിമാന ഇന്ധന വിലയേക്കാള്‍ 30 ശതമാനം അധികം വിലയാണ് പെട്രോളിനും ഡീസലിനും ഉപഭോക്താക്കള്‍ നല്‍കേണ്ടത്. ഞായറാഴ്ചയും ഇന്ധന വില വര്‍ധിച്ചതോടെ ദില്ലിയില്‍ പെട്രോളിന് 105.84 രൂപയും മുംബൈയില്‍ 111. 77 രൂപയുമായി വില ഉയര്‍ന്നു. ഡീസലിന് മുംബൈയില്‍ 102.52 രൂപയാണ് ലിറ്ററിന് വില. രാജ്യത്ത് പല സംസ്ഥാനങ്ങളിലും പെട്രോളിനും ഡീസലിനും 100 രൂപ പിന്നിട്ട് കുതിക്കുകയാണ്.

രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും അധികം വില നല്‍കേണ്ടി വരുന്ന രാജസ്ഥാനിലെ ഗംഗാനഗറില്‍ പെട്രോളിന് 117 രൂപയും ഡീസലിന് 106 രൂപയുമാണ് വില. അതേസമയം, വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന് (എടിഎഫ്) 79 രൂപയാണ് ലിറ്ററിന് വില. നേരത്തെ പെട്രോള്‍, ഡീസല്‍ വിലയെ അപേക്ഷിച്ച് എടിഎഫിനായിരുന്നു കൂടുതല്‍ വില. സെപ്റ്റംബര്‍ മുതല്‍ പെട്രോളിന് 16 തവണയും ഡീസലിന് 19 തവണയും വില കൂടി. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ വില 100 കടന്നു. മധ്യപ്രദേശ്, കേരളം, രാജസ്ഥാന്‍, ഒഡിഷ, ആന്ധ്ര, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, ബിഹാര്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഡീസലിനും 100 കടന്നു. സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്ന വാറ്റ് അടക്കം ഉള്‍പ്പെടുന്നതാണ് ഇന്ധന നികുതി.

Top