ശബരിമല യുവതീപ്രവേശന വിവാദം; വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

sabarimala

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമല ക്ഷേത്രത്തിന്റെ നടത്തിപ്പിലെ സര്‍ക്കാര്‍ ഇടപെടല്‍ ചോദ്യം ചെയ്തും, സമയക്രമീകരണവും മാധ്യമങ്ങളെ തടഞ്ഞതും ചോദ്യം ചെയ്തുള്ള ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്.

ശബരിമല ക്ഷേത്രത്തിന്റെ ദൈന്യംദിന കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ അധികാരമില്ലെന്ന് ടി. ആര്‍ രമേശ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി വ്യക്തമാക്കിയിരുന്നു. 1999 ല്‍ കാശി ക്ഷേത്രം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ ഇതിനുള്ള അധികാരം സര്‍ക്കാരിനില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഹരജിക്കാരന്റെ വാദം. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ സമയക്രമീകരണം നടത്തുന്നത് വിശ്വാസത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടികാട്ടി സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനേയും ദേവസ്വം മന്ത്രിയേയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

ശബരിമലയില്‍ മാധ്യമങ്ങളെ നിയന്ത്രിച്ചത് ചോദ്യം ചെയ്ത് ഒരു സ്വകാര്യ ചാനല്‍ സമര്‍പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

Top