അയോധ്യാ ഭൂമിതർക്ക കേസ്; പുനഃപരിശോധനാ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : അയോധ്യാ ഭൂമി തർക്കവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചേംബറിലാണ് ഹർജികൾ പരിഗണിക്കുന്നത്.

അയോധ്യ കേസിലെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 40 അക്കാദമിക വിദ്ധരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രഞ്ജൻ ഗൊഗോയ് ഒഴിഞ്ഞ സാഹചര്യത്തിൽ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഉൾപ്പെടുത്തി ബെഞ്ച് പുനഃസംഘടിപ്പിച്ചു. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുത്തേക്കും.

ജംയത്തുൽ ഉലുമ ഇ ഹിന്ദ്, വിശ്വഹിന്ദ് പരിഷത്ത് എന്നിവരുടെ ഹര്‍ജികളും ഉണ്ട്. ഇരുപതോളം പുനഃപരിശോധന ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുക. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്ന് അക്കാദമിക വിദഗ്ധരുടെ ഹര്‍ജികളിൽ പറയുന്നു.

അയോധ്യയിൽ മസ്ജിദ് നിർമിക്കാൻ അഞ്ചേക്കർ സ്ഥലം അനുവദിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് അഖില ഭാരത ഹിന്ദു മഹാസഭയും ആവശ്യപ്പെട്ടിട്ടുണ്ട്.

Top