മസാല ബോണ്ട് കേസിൽ ഇ ഡി സമൻസ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഇന്ന് പരിഗണിക്കും

സാല ബോണ്ടുമായി ബന്ധപ്പെട്ട ഇ ഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വീണ്ടും സമൻസ് അയച്ച ഇ ഡി നടപടി ഹൈക്കോടതി നിർദേശത്തിന് വിരുദ്ധമാണെന്നാണ് ഹർജിയിലെ ആരോപണം.നേരത്തെ പിൻവലിച്ച സമൻസിൽ ആവശ്യപ്പെട്ട അതേ കാര്യങ്ങളാണ് പുതിയ സമൻസിലും ഉള്ളതെന്നും, ഹൈക്കോടതിയുടെ മുൻ ഉത്തരവിന് വിരുദ്ധമാണ് ഇതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സേഛാപരമായ സമൻസ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. എന്നാൽ ഫെമ നിയമപ്രകാരം ഇഡി അയക്കുന്ന സമൻസ് കോടതിയിൽ ചോദ്യം ചെയ്യാനാകില്ലന്നാണ് ഇ ഡി യു ടെ വാദം. ഈ മാസം 12 ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി വീണ്ടും നോട്ടീസ് അയച്ച സാഹചര്യത്തിൽ കോടതി നടപടികൾ നിർണ്ണായകമാണ്.

അതേസമയം ഹർജി കോടതിയുടെ പരിഗണനയിൽ ഇരിക്കവേ ഇ ഡി നോട്ടീസ് അയച്ചത് കോടതി അലക്ഷ്യമാണെന്ന് തോമസ് ഐസക് പറഞ്ഞു. ഇഡി ബിജെപിയുടെ ഏജൻസിയെന്നും കോടതി പറഞ്ഞാൽ ഹാജരാകുമെന്നും തോമസ് ഐസക് പറഞ്ഞു.കോടതിയിൽ സ്റ്റേ പെറ്റീഷൻ നൽകിയെന്നും എന്ത് കുറ്റമാണ് ചെയ്തതെന്ന് ഇഡി ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നും തോമസ് ഐസക് വ്യക്തമാക്കി.

Top