കെ റെയിലിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: കെ റെയിൽ പദ്ധതിക്കെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ റെയിലിന്റെ വിശദ പദ്ധതി രേഖ ( ഡിപിആർ) സംബന്ധിച്ച ആവശ്യങ്ങൾ കെ റെയിൽ കോർപ്പറേഷൻ നൽകിയിട്ടില്ലെന്ന് റെയിൽവേ ബോർഡ് കോടതിയെ അറിയിച്ചു.

സിൽവർലൈൻ സർവേക്കെതിരെ കോട്ടയം സ്വദേശി മുരളീകൃഷ്ണൻ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് ബോർഡിനുവേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് മനു വിശദീകരണ പത്രിക നൽകിയത്.

അലൈൻമെന്റ് ആവശ്യമായി വരുന്ന സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി തുടങ്ങിയ വിശദാംശങ്ങൾ കെ റെയിൽ കോർപ്പറേഷൻ ഇതുവരെ കൈമാറിയിട്ടില്ല. വിശദീകരണം തേടി പലതവണ കോർപ്പറേഷന് കത്തുകൾ അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും റെയിൽവേ കോടതിയെ അറിയിച്ചിരുന്നു.

2021 ജൂലായ് 11 മുതൽ 2022 ആഗസ്റ്റ് 30വരെ അഞ്ച് കത്തുകൾ കെ-റെയിലിന് അയച്ചിട്ടും പ്രതികരണമുണ്ടായിട്ടില്ലെന്നും പത്രികയിലുണ്ട്.കഴിഞ്ഞ തവണ കേസുകൾ പരിഗണിച്ചപ്പോൾ ഡി.പി.ആർ സംബന്ധിച്ച റെയിൽവേ നിലപാടിൽ മാറ്റമുണ്ടോയെന്ന് വ്യക്തമാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വിശദീകരണം നൽകിയത്.

Top