വാരാണസി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്യാന്‍വാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച മൂന്നു പേരില്‍ അവസാനത്തെയാളും മരിച്ചു. പരാതിക്കാരില്‍ ഒരാളായ ഹരിഹര്‍ പാണ്ഡെ(77)യാണ് അന്തരിച്ചത്. ഹരജിക്കാരില്‍ സോമനാഥ് വ്യാസ്, പ്രഫ. രാംരംഗ് ശര്‍മ എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.
‘ആദി വിശ്വേശ്വര ക്ഷേത്ര’ ഭൂമിയില്‍ നിന്ന് ഗ്യാന്‍വാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് 1991ലാണ് സോമനാഥ് വ്യാസും പ്രഫ. രാംരംഗ് ശര്‍മയും ഹരിഹര്‍ പാണ്ഡെയും ചേര്‍ന്ന് ഹര്‍ജി നല്‍കിയത്. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അണുബാധയെത്തുടര്‍ന്ന് പിതാവിന്റെ നില വഷളായിരുന്നുവെന്ന് ഹരിഹര്‍ പാണ്ഡെയുടെ മകന്‍ കരണ്‍ശങ്കര്‍ പാണ്ഡെ പറഞ്ഞു.
ഗ്യാന്‍വാപി പള്ളിയില്‍ നടത്തിയ ശാസ്ത്രീയ സര്‍വേയെക്കുറിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാരണാസി ജില്ലാ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ആദ്യ ഹര്‍ജിക്കാരില്‍ മൂന്നാമനും മരിക്കുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നവംബര്‍ 30ന് എഎസ്‌ഐക്ക് കോടതി 10 ദിവസം കൂടി അനുവദിച്ചിരുന്നു.