സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യം ഒരുക്കുന്നത് വരെ ക്ലാസ് നിര്‍ത്തി വയ്ക്കണമെന്നാണ് ഹര്‍ജി. നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ അമ്മയായ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സി സി ഗിരിജയാണ് ഹൈക്കോടതിയെ സമീപിച്ചത്.

മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യമൊരുക്കാതെ ക്ലാസ് തുടരുന്നത് തടയണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. പ്രത്യേക ക്ലാസുകള്‍ നടത്താന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുള്ളത് ശരിയായ വിധത്തിലല്ലെന്നാണ് ഹര്‍ജിയിലെ ആരോപണം. നിരവധി കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യം ഇല്ലെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യം ഒരുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കി മെയ് 29നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. തുടര്‍ന്ന് വന്നത് ശനി, ഞായര്‍ ദിവസങ്ങളായതിനാല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് അപ്രായോഗികവും അസാധ്യവുമായിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സംസ്ഥാനത്തെ ഓണ്‍ലൈന്‍ അധ്യയനത്തിന്റെ ട്രയല്‍ കാലാവധി ഒരാഴ്ച കൂടി നീട്ടാനാണ് സര്‍ക്കാര്‍ തീരുമാനം.

Top