ഗൂഢാലോചന കേസ്: ദിലീപിന്റെ ഫോണുകള്‍ കൈമാറണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഇന്ന് നിര്‍ണായകം. ഫോണുകള്‍ കൈമാറാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ ഉപഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. രാവിലെ പതിനൊന്നിനാണ് ഹര്‍ജി പരിഗണിക്കുക.

ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തിയാണ് പ്രോസിക്യൂഷന്റെ ഹര്‍ജി പരിഗണിക്കുന്നത്. പ്രതികളുടെ അറസ്റ്റിനുള്ള വിലക്ക് നീക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജിയും കോടതിയുടെ പരിണനയ്ക്ക് വരും.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികള്‍ ഫോണ്‍ മാറ്റിയതെന്നും, ഇത് ഗൂഢാലോചനയുടെ തെളിവാണെന്നും പ്രോസിക്യൂഷന്‍ ഇന്നലെ വാദിച്ചിരുന്നു. ഫോണുകള്‍ കൈമാറണമെന്നും ഇതില്‍ എന്തിനാണ് പേടിയെന്നും കോടതി വാക്കാല്‍ ചോദിച്ചു.

ഫോണ്‍ ചോദിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദം ക്രിമിനല്‍ കേസുകളില്‍ ഉന്നയിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. മുന്‍ഭാര്യയുമായുള്ള സംഭാഷണം ആ ഫോണിലുണ്ടെന്നും, അന്വേഷണ സംഘം അത് പുറത്തുവിട്ടാല്‍ തന്റെ സ്വകാര്യതയെ ബാധിക്കുമെന്നുമായിരുന്നു ദിലീപിന്റെ വാദം.

Top