ഇവിഎം ഉപയോഗം തടയണമെന്ന് ഹര്‍ജി; 10,000 രൂപ പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ഹര്‍ജിക്കാരന് 10000 രൂപയുടെ പിഴയും കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ഡി.എന്‍.പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ്ങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സി.ആര്‍.ജയസുകിന്‍ എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയിരുന്നത്.

അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി ഹര്‍ജിയില്‍ ഇടപെടാന്‍ ഒരു കാരണവും കാണുന്നില്ലെന്ന് വ്യക്തമാക്കി. പ്രശസ്തി ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഹര്‍ജിയുമായി അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ നാല് രേഖകള്‍ അഭിഭാഷകന്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിലൊന്ന് പത്രവാര്‍ത്തയാണ്. ഇവിഎം ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ജനാധിപത്യം അപകടത്തിലാണെന്നും സുകിന്‍ കോടതിയില്‍ വാദിച്ചു.

Top