ആര്‍. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന്റെ ഇരിഞ്ഞാലക്കുടയിലെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രൊഫസര്‍ അല്ലാതിരുന്ന ആര്‍. ബിന്ദു, പ്രൊഫസര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടി ജനങ്ങളെ കബളിപ്പിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം.

ആര്‍.ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഉണ്ണിയാടന്റെ ആവശ്യം. ഇല്ലാത്ത പ്രൊഫസര്‍ പദവി പേരിനൊപ്പം ചേര്‍ത്താണ് സി.പി.ഐ.എം. സ്ഥാനാര്‍ത്ഥിയായിരുന്ന ബിന്ദു വോട്ടു തേടിയത്. ഇത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

മന്ത്രിയുടെ സത്യപ്രതിജ്ഞാ വേളയില്‍ പേരിനൊപ്പം പ്രൊഫസര്‍ എന്ന് ചേര്‍ത്തതും നേരത്തെ വിവാദത്തിനിടയാക്കിയിരുന്നു. മെയ് 20ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേര് പ്രൊഫസര്‍ ആര്‍. ബിന്ദു എന്നത് ഡോ. ആര്‍. ബിന്ദു എന്നാക്കി തിരുത്തിയതായി അറിയിച്ചു കൊണ്ട് ജൂണ്‍ എട്ടിന് ചീഫ് സെക്രട്ടറി വി.പി. ജോയി അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ ഇംഗ്ലീഷില്‍ അസോസിയേറ്റ് പ്രൊഫസറായ ബിന്ദു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രൊഫസര്‍ ആര്‍. ബിന്ദുവായ ഞാന്‍ എന്നാണ് തുടങ്ങിയത്. ഉദ്യോഗത്തിലെ പദവി പറഞ്ഞുകൊണ്ടുള്ള പ്രതിജ്ഞ അനുചിതമാണെന്നും പ്രൊഫസര്‍ എന്ന അവകാശവാദം തെറ്റാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

Top