ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണം: സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: നീറ്റ് പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ ഖത്തര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.

ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കുന്നില്ലെങ്കില്‍ ജൂലൈ 26 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പരീക്ഷ മാറ്റി വയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വന്ദേഭാരത് മിഷന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാന സര്‍വ്വീസുകള്‍ ഉണ്ടെങ്കിലും നീറ്റ് പരീക്ഷ എഴുതാന്‍ വരേണ്ട പല വിദ്യാര്‍ത്ഥികള്‍ക്കും ടിക്കറ്റ് ലഭിക്കുന്നില്ല. അഥവാ ടിക്കറ്റ് ലഭിച്ച് ഇന്ത്യയില്‍ എത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റീനില്‍ പോകേണ്ടതായും വരും. ചില സംസ്ഥാനങ്ങളില്‍ 21 ദിവസം വരെയാണ് ക്വാറന്റീനില്‍ കാലാവധി. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടാവുമെന്ന് അഭിഭാഷകന്‍ ഹാരീസ് ബീരാന്‍ മുഖേനെ ഖത്തര്‍ നിവാസി ആയ അബ്ദുല്‍ അസീസ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിലവില്‍ നാലായിരത്തോളം വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷ എഴുതാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ പകുതിയിലധികവും മലയാളികളാണ്. നീറ്റ് പരീക്ഷ നീട്ടി വയ്ക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി തള്ളിയിരുന്നു.

Top