ഭൂമി ഇടപാട് ; ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന ഹര്‍ജി തള്ളി

mar george alancherry

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് സംബന്ധിച്ച ക്രമക്കേടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന ഹര്‍ജി തള്ളി. അങ്കമാലി സ്വദേശി പോളച്ചന്‍ പുതുപ്പാറയുടെ ഹര്‍ജി എറണാകുളം സി.ജെ.എം കോടതിയാണ് തള്ളിയത്.

സഭയുടെ കടം തീര്‍ക്കാന്‍ നടത്തിയ ഭൂമി ഇടപാടില്‍ നൂറ് കോടിയോളം രൂപയുടെ അഴിമതി നടന്നെന്നുമായിരുന്നു ആരോപണം. ഇതിന് ഉത്തരവാദികളായ സഭാനേതൃത്വത്തിനെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇടപാടില്‍ ക്രമക്കേട് നടന്നതായി സഭ നിയോഗിച്ച അന്വേഷണ കമീഷന്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതിരൂപതക്ക് കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ 59 കോടി ബാങ്ക് വായ്പയെടുത്ത് അങ്കമാലിക്കടുത്ത് മറ്റൂരില്‍ 23.22 ഏക്കര്‍ വാങ്ങിയിരുന്നു. പദ്ധതി പിന്നീട് ഉപേക്ഷിച്ചെങ്കിലും ഇതടക്കം ഇടപാടുകള്‍ സഭക്ക് 80 കോടിയിലധികം രൂപയുടെ ബാധ്യത വരുത്തിവെച്ചു. സെന്റിന് 40 ലക്ഷം വരെ വിലവരുന്ന സ്ഥലം തുച്ഛ വിലയ്ക്ക് വിറ്റതുവഴി നൂറുകോടിയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.

Top