മാണി സി. കാപ്പനെതിരെ നല്‍കിയ സ്വകാര്യഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

ആലപ്പുഴ: പാലായിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പനെതിരെ സിനിമ നിര്‍മാതാവ് നല്‍കിയ സ്വകാര്യഹര്‍ജി ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. ‘മാന്‍ ഓഫ് ദി മാച്ച്’ സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതിന് പൊലീസില്‍ വ്യാജപരാതി നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

ആലപ്പുഴ സ്വദേശിയായ നിര്‍മാതാവ് ഹസീബ് ഹനീഫാണ് സ്വകാര്യ അന്യായം നല്‍കിയിരിക്കുന്നത്. 2018ലാണ് സാറ്റലൈറ്റ് റൈറ്റിനെ ചൊല്ലി തര്‍ക്കം ഉണ്ടാകുന്നത്. മാണി സി. കാപ്പനാണ് ‘മാന്‍ ഓഫ് ദി മാച്ച്’ നിര്‍മിച്ചത്. സിനിമയുടെ സാറ്റലൈറ്റ് അവകാശം ഹസീബ് ഹനീഫിന് 1,30,000 രൂപക്ക് നല്‍കിയിരുന്നു. 2018ല്‍ അത് വീണ്ടും മറിച്ചുവില്‍ക്കാന്‍ മാണി സി. കാപ്പന്‍ ശ്രമിക്കവേ ഇത് തടഞ്ഞ ഹസീബിനെതിരെ പാലാ പൊലീസില്‍ കേസ് നല്‍കി.

എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ മാണി സി. കാപ്പന്‍ നല്‍കിയത് കള്ളപ്പരാതി ആണെന്നും ഹസീബിന്റെ പക്കല്‍ ഉള്ളത് യഥാര്‍ഥരേഖകളാണെന്നും കണ്ടെത്തി. തുടര്‍ന്ന്, പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് തള്ളി. ഇക്കാര്യം മറച്ചുവെച്ച് പലസ്ഥലങ്ങളിലും അപകീര്‍ത്തിപ്പെടുത്താന്‍ മാണി സി. കാപ്പന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്.

Top