നീരവ് മോദിയെ തിരിച്ചെത്തിക്കാന്‍ നടപടി വേണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

nirav-modi.

ന്യൂഡെല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകനായ വിനീത് ടണ്ഠന്‍ ആണ് ഹര്‍ജി നല്‍കിയത്.

ബാങ്കുകള്‍ പത്തു കോടിയില്‍ കൂടുതല്‍ വായ്പ നല്‍കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

വന്‍കിട ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിന് സൗകര്യം ഒരുക്കിക്കൊടുക്കുന്ന സംവിധാനമാണ് ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്ട്). ഈ സംവിധാനം ഉപയോഗിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യത്തില്‍ വിദേശബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ നീരവ് മോദി പണം പിന്‍വലിച്ചതോടെ പണത്തിന്റെ ഉത്തരവാതിത്തം പിഎന്‍ബിക്ക് വന്നതാണ് തട്ടിപ്പിന്റെ അടിസ്ഥാനം. പണം പിന്‍വലിച്ച മോദി ജനുവരി ആദ്യം തന്നെ കുടുംബത്തോടൊപ്പം രാജ്യം വിട്ട് ബല്‍ജിയത്തിലേക്ക് കടക്കുകയായിരുന്നു.

നീരവ് മോദിയുടെ അടുത്ത ബന്ധുക്കളുള്ളത് ബല്‍ജിയത്തിലാണ്. ബല്‍ജിയത്തിലേക്ക് കുടിയേറിയ വജ്രവ്യാപാരികളുടെ കുടുംബത്തിലാണ് നീരവ് മോദി ജനിച്ചത്. പിന്നീട് ഇന്ത്യ കേന്ദ്രീകരിച്ച് വജ്രവ്യാപാരം നടത്തുകയായിരുന്നു നീരവ്. 2017 ല്‍ ഇന്ത്യയിലെ അതിസമ്ബന്നരുടെ പട്ടികയില്‍ 85 -ാം സ്ഥാനത്ത് ഫോബ്‌സ് മാഗസിന്‍ ഉള്‍പ്പെടുത്തിയിരുന്ന മോദിക്ക് 180 കോടി ഡോളറിന്റെ സമ്പാദ്യമുണ്ടെന്നാണ് മാഗസിന്‍ പറഞ്ഞിരുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ശതകോടികളുടെ തട്ടിപ്പ് നടന്നുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ കൂടുതല്‍ ബാങ്കുകളില്‍ ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടന്നതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

Top