ഷീന ബോറ കൊലകേസിലെ പ്രതി പീറ്റര്‍ മുഖര്‍ജി ജയില്‍ മോചിതനായി

മുംബൈ: ഷീന ബോറ വധക്കേസില്‍ പ്രതിയായ പീറ്റര്‍ മുഖര്‍ജി ജയില്‍ മോചിതനായി. മുന്‍ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ 2015 നവംബര്‍ 25നാണ് പീറ്റര്‍ മുഖര്‍ജിയെ അറസ്റ്റ് ചെയ്തത്. പീറ്റര്‍ മുഖര്‍ജി നല്‍കിയ ജാമ്യാപേക്ഷബോംബേ ഹൈക്കോടതി ആറാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇത് വ്യാഴാഴ്ച തീര്‍ന്ന സാഹചര്യത്തിലാണ് ജയിലില്‍ മോചനം ലഭിച്ചത്. വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയെ സമീപിക്കുന്നില്ല.

ഇന്ദ്രാണി മുഖര്‍ജിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ മകളായിരുന്നു ഷീന ബോറ. ഇന്ദ്രാണിയും ആദ്യ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഷീന കൊല്ലപ്പെടുമെന്ന് പീറ്റര്‍ മുഖര്‍ജിക്ക് അറിയാമായിരുന്നു. നിശബ്ദനായ കൊലയാളിയെന്നാണ് കോടതി പീറ്റര്‍ മുഖര്‍ജിയെ വിശേഷിപ്പിച്ചത്. മുംബൈ മെട്രോ വണ്ണില്‍ എച്ച് ആര്‍ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിരുന്ന ഷീന ,പീറ്റര്‍ മുഖര്‍ജിയുടെ ആദ്യവിവാഹത്തിലെ മകന്‍ രാഹുലിനെ പ്രണയിച്ചതാണ് കൊലയ്ക്ക് പിന്നില്‍. മകളെ രാഹുലുമായുള്ള പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇന്ദ്രാണി പരമാവധി ശ്രമിച്ചെങ്കിലും വഴങ്ങാത്തതിനാലാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

ഷീന, പീറ്ററിന്റെ മകന്‍ രാഹുലിനെ വിവാഹം കഴിച്ചാല്‍ പീറ്ററില്‍ നിന്നും തനിക്ക് കിട്ടാനിരിക്കുന്ന സ്വത്തു മുഴുവന്‍ സ്വന്തമാക്കിക്കളയുമോ എന്ന ഭയവും ഇന്ദ്രാണിക്കുണ്ടായിരുന്നു. പീറ്ററും ഇന്ദ്രാണിയും ചേര്‍ന്ന് ഐഎന്‍എക്സ് മീഡിയയില്‍ നിന്ന് തട്ടിയെടുത്ത പണം ഷീന ബോറയുടെ പേരില്‍ ഓഫ്ഷോര്‍ അക്കൗണ്ടില്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലയ്ക്ക് കാരണമെന്നും അഭ്യൂഹങ്ങളുണ്ട്.

Top