അരവണയിലെ ഏലക്കയിൽ കീടനാശിനി; ദേവസ്വത്തിന്റെ ആവശ്യം അം​ഗീകരിച്ച് സുപ്രീം കോടതി

ദില്ലി: ഏലയ്ക്കയിലെ കീടനാശിനിയുടെ അളവു കൂടുതലാണെന്നു കണ്ടെത്തി വിതരണം തടഞ്ഞ അരവണയുടെ സാമ്പിൾ വീണ്ടും ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയയ്ക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഉത്തരവ്. നേരത്തെ ആവശ്യം കേരള ഹൈക്കോടതി നിരാകരിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ടാണ് സുപ്രീം കോടതി ദേവസ്വം ബോർഡിന്റെ ആവശ്യം അംഗീകരിച്ചത്.

അതേസമയം, കേസിൽ ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തിയതിനെത്തുടർന്ന് സീൽ ചെയ്ത് ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ള അരവണ നശിപ്പിച്ചു കളയാവുന്നതാണെന്നു ദേവസ്വം ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. 5 മാസം പിന്നിട്ടതു ചൂണ്ടിക്കാട്ടിയാണിത്. ഈ അരവണ ഇനി ഭക്തര്‍ക്ക് വില്‍ക്കാന്‍ ആലോചിക്കുന്നില്ലെന്നില്ലെന്നും ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു.

ഭക്തര്‍ക്ക് പ്രസാദം നല്‍കുന്നത് എങ്ങനെ വ്യാപാരമായി കണക്കാക്കാനാകുമെന്ന് വാദം കേള്‍ക്കലിനിടെ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സി ടി രവികുമാര്‍ ആരാഞ്ഞു. തുടര്‍ന്ന് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ദേവസ്വം ബോര്‍ഡിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ഗിരി, അഭിഭാഷകരായ പി എസ് സുധീര്‍, ബിജു ജി എന്നിവര്‍ ഹാജരായി.

Top