ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്നുള്ള പാക്കിസ്ഥാന്റെ ആരോപണത്തിനെതിരെ ഇന്ത്യ

ന്യൂയോര്‍ക്ക്: പെഷവാര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്നുള്ള പാക്കിസ്ഥാന്റെ ആരോപണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യ. പാക്കിസ്ഥാന്റെ പ്രസ്താവന നിഷ്ഠൂരവും സാമാന്യബുദ്ധിക്ക് നിരക്കാത്തതുമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭിര്‍ പറഞ്ഞു.

നിരപരാധികളായ സ്‌കൂള്‍ കുട്ടികളെ കൂട്ടക്കൊല നടത്തിയ സംഭവം ഇന്ത്യയിലും വലിയ വേദനയാണ് ഉളവാക്കിയതെന്നും, ഇന്ത്യയുടെ പാര്‍ലമെന്റ് കൊല്ലപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി ആദരാഞ്ജലി അര്‍പ്പിക്കുകയും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തതാണെന്ന് അവര്‍ സൂചിപ്പിച്ചു.

ഇന്ത്യയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികള്‍ പെഷവാറിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി രണ്ട് മിനിട്ട്‌ മൗനമാചരിച്ചെന്നും അവര്‍ വ്യക്തമാക്കി. ഈനം ഗംഭീറിന്റെ യുഎന്നിലെ മറുപടി ഇന്ത്യയുടെ യുഎന്‍ അംബാസിഡര്‍ സയിദ് അക്ബറുദീന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

തങ്ങള്‍ ഭീകരവാദത്തിനെതിരെ പോരാടുന്നുവെന്ന പാക്കിസ്ഥാന്റെ വാദത്തെയും ഈനം ഗംഭീര്‍ തള്ളിക്കളഞ്ഞു. ഐക്യരാഷ്ട്രസഭ ആഗോള ഭീകരന്മാരായി പ്രഖ്യാപിച്ചിട്ടുള്ള 132 പേര്‍ക്ക് ആശ്രയവും സംരക്ഷണവും നല്‍കുന്നുവെന്ന കാര്യം പാക്കിസ്ഥാന്‍ നിരാകരിക്കാന്‍ സാധിക്കുമോയെന്ന് അവര്‍ ചോദിച്ചു. യുഎന്‍ ഉപരോധമുള്ള 22 ഭീകരസംഘടനകള്‍ പാക്കിസ്ഥാനില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നില്ലേയെന്നും അവര്‍ സൂചിപ്പിച്ചു.

പാക്കിസ്ഥാന്റെ ആരോപണം ഭീകരവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും അവര്‍ ആരോപിക്കുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ഹാഫിസ് സയീദ് പാക്കിസ്ഥാനില്‍ സ്വതന്ത്രനായി നടക്കുന്നുവെന്നും ഈനം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം സംസാരിച്ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാകിസ്താനെതിരെ രൂക്ഷമായ പ്രസ്താവനയാണ് നടത്തിയത്.

Top