പെഷവാർ പള്ളിയിൽ സ്ഫോടനം നടത്തിയ ചാവേർ പൊലീസ് യൂണിഫോമിലായിരുന്നു; പുതിയ വെളിപ്പെടുത്തൽ

ഇസ്ലാമാബാദ്:  പാകിസ്ഥാനിലെ പെഷവാറിലെ പള്ളിയിൽ നൂറിലധികം പേരെ കൊലപ്പെടുത്തിയ ചാവേർ, ആക്രമണം നടത്തുമ്പോൾ പൊലീസ് യൂണിഫോമും ഹെൽമറ്റും ധരിച്ചിരുന്നെന്ന് റിപ്പോർട്ട്. നാനൂറോളം പേരാണ് ആ സമയത്ത് പള്ളിയിലുണ്ടായിരുന്നത്. നൂറിലധികം പേർ കൊല്ലപ്പെട്ടു. ഇവരിൽ 27 പൊലീസുകാരും ഉൾപ്പെടുന്നു.

ചാവേർ പൊലീസ് യൂണിഫോം ധരിച്ചിരുന്നെന്നും സ്‌ഫോടനത്തിന് പിന്നിലെ തീവ്രവാദ സ്രോതസിനെ പൊലീസ് തകർത്തുകൊണ്ടിരിക്കുകയാണെന്നും  ഖൈബർ പഖ്തൂൺഖ്വ പൊലീസ് മേധാവി മൊഅസ്സം ജാ അൻസാരി പറഞ്ഞു. പള്ളിയിലെ പ്രാർത്ഥനാ ഹാളിന്റെ മതിൽ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്. മസ്ജിദിനുള്ളിൽ ഉണ്ടായിരുന്നവർ കൊല്ലപ്പെട്ടത് സുരക്ഷാ വീഴ്ചയാണ്. അക്രമി  പൊലീസ് വേഷത്തിലായതിനാൽ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ കഴിഞ്ഞില്ലെന്നത് പൊലീസിന്റെ വീഴ്ചയായി കണക്കാക്കുന്നെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.

സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നും കണ്ടെടുത്ത ശരീരം ഛേദിക്കപ്പെട്ട തല സ്‌ഫോടനം നടത്തിയയാളുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾ മാസ്‌കും ഹെൽമറ്റും ധരിച്ചിരുന്നു. സിസിടിവി ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്ന് അക്രമി ആരാണെന്ന് വ്യക്തമായിട്ടുണ്ട്. ചാവേർ ഒരു മോട്ടോർ സൈക്കിളിൽ പ്രധാന ഗേറ്റ് കടന്ന് അകത്തു വന്ന് ഒരു കോൺസ്റ്റബിളുമായി സംസാരിച്ചു. പള്ളി എവിടെയാണെന്ന് ചോദിച്ചു. ഇതിനർത്ഥം ആ പ്രദേശത്തെക്കുറിച്ച് അക്രമിക്ക് അറിവുണ്ടായിരുന്നില്ല എന്നാണ്. അയാൾക്ക് പിന്നിൽ ഒരു വലിയ നെറ്റ് വർക്ക് ഉണ്ടെന്ന് വ്യക്തമാണ്.  പൊലീസ് മേധാവി അൻസാരി പറഞ്ഞതായി ദി ഡോൺ റിപ്പോർട്ട് ചെയ്തു.

പെഷവാർ നഗരത്തിലെ ഏറ്റവും കർശനമായ നിയന്ത്രണത്തിലുള്ള ഒരു പ്രദേശത്ത് എങ്ങനെയാണ് വലിയ സുരക്ഷാ വീഴ്ച സംഭവിച്ചതെന്ന് അധികൃതർ അന്വേഷിക്കുകയാണ്.  ഇന്റലിജൻസ്, തീവ്രവാദ വിരുദ്ധ ബ്യൂറോകൾ, റീജിയണൽ സെക്രട്ടേറിയറ്റ് എന്നിവയെല്ലാം ഉള്ളതിനടുത്താണ് ഇത്രയും വലിയ സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. 2021-ൽ അഫ്ഗാൻ താലിബാൻ കാബൂൾ പിടിച്ചടക്കിയതിന് ശേഷം പ്രദേശത്ത് വീണ്ടും അക്രമങ്ങൾ വർധിച്ചിരിക്കുകയാണ്.  നിരവധി വർഷത്തിനിടയിൽ പാകിസ്ഥാനിൽ ഉണ്ടാവുന്ന ഏറ്റവും മാരകമായ ആക്രമണമാണ് പെഷവാറിൽ ഉണ്ടായത്.

Top