2018ലെ പൊതുതിരഞ്ഞടുപ്പില്‍ ഭീകര സംഘടനകളുമായി സഖ്യമുണ്ടാക്കുമെന്ന് മുഷറഫ്

ഇസ്ലാമാബാദ്: ഭീകര സംഘടനകളുമായി തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ തയാറാണെന്ന് പാക്കിസ്ഥാനിലെ മുന്‍ പട്ടാള മേധാവി പര്‍വെസ് മുഷറഫ്. ഇന്ത്യയെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് നേതൃത്വം നല്‍കുന്ന ഭീകര സംഘടനകളായ ജമാത്ത് ഉദ്ധവ, ലഷ്‌കര്‍ ഇ തൊയ്ബ എന്നിവയുമായി 2018 ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്നാണ് മുഷറഫ് വ്യക്തമാക്കിയത്.ജമാത്ത് ഉദ്ധവയെ അമേരിക്ക 2014 ല്‍ വിദേശ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പാക്കിസ്ഥാന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ലഷ്‌കര്‍ ഇ തൊയ്ബയും ജമാത്ത് ഉദ്ധവയുമെന്ന് അവകാശപ്പെട്ട മുഷറഫ് അവര്‍ക്ക് താലിബാന്‍ അല്‍ ഖ്വെയ്ദ എന്നിവയുമായി ബന്ധമില്ലെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും സഖ്യമുണ്ടാക്കാന്‍ അവര്‍ തയ്യാറാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും ഇപ്പോള്‍ ദുബായില്‍ കഴിയുന്ന മുഷറഫ് പാക്കിസ്ഥാനിലെ ആജ് ന്യൂസ് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.

പാക്കിസ്ഥാനിലെ രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി വിശാല സഖ്യമുണ്ടാക്കുമെന്ന് മുഷറഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മുഷറഫിന്റെ സഖ്യത്തിന്റെ ഭാഗമാകാന്‍ മിക്ക പാര്‍ട്ടികളും തയ്യാറായില്ല. ഇതിന് പിന്നാലെയാണ് ഭീകര സംഘടനകളുമായി സഖ്യമുണ്ടാക്കുമെന്ന മുഷറഫിന്റെ പുതിയ പ്രഖ്യാപനം.

Top