Pervez Musharraf-Kashmir

Parves mushraff

ന്യൂഡല്‍ഹി: ഇന്ത്യ-പാക്ക് സമാധാനചര്‍ച്ചയില്‍ പുരോഗതിയുണ്ടാകണമെങ്കില്‍ കശ്മീര്‍ പ്രശ്‌നം പരിഹരിച്ചേ തീരൂവെന്ന് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ്. ഈ പ്രശ്‌നം പരിഹരിക്കുന്നതുവരെ ഭീകരവാദവും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങളും തുടരാനാണ് സാധ്യതയെന്നും മുഷ്‌റഫ് പറഞ്ഞു.

ഇന്ത്യ ടുഡെ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഷറഫിന്റെ പ്രതികരണം.

പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ ഭീകര സംഘടനകളായ ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ് എന്നിവയ്ക്ക് പരിശീലനം നല്‍കുന്നത് പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ആണ്. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങളില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നും അഭിമുഖത്തില്‍ മുഷറഫ് അഭിപ്രായപ്പെട്ടു.

അതേസമയം കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ ഇന്ത്യുടെ ഭാഗത്തു നിന്നും അനുകൂലമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും മുഷറഫ് ആരോപിച്ചു. പാക്കിസ്ഥാനെ നശിപ്പിക്കുകയും പാക്കിസ്ഥാനുമേല്‍ അധീശത്വം പുലര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അല്ലാതെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയല്ല.

പത്താന്‍കോട്ട്, മുംബൈ ഭീകരാക്രമണം, ഭീകരവാദം തുടങ്ങി ഇന്ത്യന്‍ സര്‍ക്കാരിന് താല്‍പര്യമുള്ള വിഷയങ്ങളില്‍ മാത്രം ചര്‍ച്ചകള്‍ കേന്ദ്രീകരിക്കാനാണ് അവര്‍ക്ക് താല്‍പര്യമെന്നും മുഷറഫ് അഭിപ്രായപ്പെട്ടു.

കശ്മീര്‍ ഇപ്പോഴും പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം വികാരപരമായ വിഷയമാണ്. കാശ്മീരില്‍ പോരാടുന്ന ഏതൊരാളും യഥാര്‍ഥ സ്വാതന്ത്ര്യസമര പോരാളിയാണെന്നും മുഷറഫ് വ്യക്തമാക്കി.

Top